മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല; സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഭരണമാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റേത് ജനവഞ്ചനയാണ്. ന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ് ഇാേപ്പോഴുള്ളത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ മറവിലുള്ള കൊള്ളകൽ ഇനിയും പുറത്തുവരും. കോവിഡ് കാട്ടുതീ പോലെ പടരുകയാണ്. എന്നാൽ പാർട്ടി പരിപാടികൾ കൊഴിപ്പിക്കാൻ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാൻ കാണിക്കുന്നില്ല. ഇത് ജനവഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പാർട്ടി താല്പര്യം മാത്രമാണ് സർക്കാരിന്റെ താല്പര്യം.സമ്മേളനങ്ങൾക്കല്ല ഇപ്പോൾ പ്രാധാന്യം കൊടുക്കേണ്ടത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പും നടക്കാൻ പോകുന്നു. 25 ന് തെരഞ്ഞെടുപ്പായത് കൊണ്ടാണ് കോളേജ് അടയ്ക്കാത്തത്. കുടുംബശ്രീ തെരഞ്ഞെടുപ്പും നടക്കുന്നു. കുടുംബശ്രീയിൽ അധിപത്യം സ്ഥാപിക്കാൻ കോവിഡ് സമയത്തും വ്യഗ്രതയാണെന്നും അദ്ദേഹം വിമർശിച്ചു. ഉദ്യോഗസ്ഥർ എത്ര മാത്രം സമ്മർദ്ദത്തിന് വിധേയമാകുന്നു എന്നതിന് തെളിവാണ് കാസർകോട് കളക്ടറുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ഒരു മന്ത്രിക്കും ചുമതല കൊടുത്തിട്ടില്ല. സർക്കാർ പ്രവർത്തനം സ്തംഭിച്ചു. മരണനിരക്ക് കൂടുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. സർക്കാർ ഒരു മുന്നൊരുക്കവും നടത്തിയില്ല. സർക്കാരിന് സംഭവിച്ച കാര്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പാർട്ടി സമ്മേളനം കൊവിഡ് വ്യാപനത്തിന് കാരണമായി, കോളേജുകൾ, സ്‌കൂളുകൾ സമയത്ത് അടച്ചില്ല, കുടുംബശ്രീ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചില്ല, മൂന്നാം തരംഗം മുൻകൂട്ടി കണ്ട് മുന്നൊരുക്കം നടത്തിയില്ല, ആശുപത്രികളിൽ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയില്ല, രോഗികൾക്ക് ഗൃഹ പരിചരണം നിർദ്ദേശിക്കുന്ന സർക്കാർ, വീടുകളിൽ വൈദ്യ സഹായം എത്തിക്കാൻ സംവിധാനമൊരുക്കിയില്ല, പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ മുൻകൂട്ടി തയ്യാറാക്കിയില്ല, രോഗവ്യാപനം കാരണം തൊഴിൽനഷ്ടമായവർക്ക് സഹായം എത്തിക്കുന്നില്ല തുടങ്ങിയ വീഴ്ച്ചകളാണ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയത്.

നിയന്ത്രണങ്ങൾ പാലിച്ച് മാത്യക കാണിക്കേണ്ട പാർട്ടിയാണ് ലംഘനം നടത്തുന്നത്. ടിപിആർ കാണിച്ചായിരുന്നു നേരത്തെ കേരളം ഒന്നാമതെന്ന് പറഞ്ഞിരുന്നത്. ഇന്ന് ടി പി ആർ നോക്കേണ്ടെന്ന് മന്ത്രി പറയുന്നു. കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടി പി ആർ വേണ്ടെന്ന് പറയുന്നു. ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.