ക്ലബ്ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപം;അന്വേഷണ പരിധിയിൽ മലയാളിയും

ന്യൂഡൽഹി: ക്ലബ്ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ 18 കാരനാണ് പിടിയിലായത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മറ്റൊരാളുടെ നിർദേശപ്രകാരമാണ് ക്ലബ് ഹൗസിൽ ഓഡിയോ ചാറ്റ്റൂം ആരംഭിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. റൂം തുറന്ന ശേഷം മോഡറേറ്റർ അവകാശം അയാൾക്ക് കൈമാറിയെന്നും ഇയാൾ പോലീസിന് മൊഴി നൽകി. ഡൽഹി പൊലീസിന്റെ സൈബൽ സെൽ വിഭാഗമാണ് ഇയാളെ ചോദ്യം ചെയ്തത്.

വ്യാജപേരിലാണ് ഇയാൾ ക്ലബ് ഹൗസിൽ റൂം തുറന്നത്. സംഭവത്തിൽ കഴിഞ്ഞ ദിവസം ഹരിയാനയിൽ നിന്നും മൂന്നു പേരെ മുംബൈ ക്രൈംബ്രാഞ്ച് സൈബർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം കേസിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞെന്നും കൂടുതൽ പേരും ഡൽഹിക്ക് പുറത്താണെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. ഇതിൽ ഒരാൾ മലയാളിയാണെന്നാണ് വിവരം. അറസ്റ്റിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.