നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ അസ്വസ്ഥതപ്പെടുത്തുന്നവയെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ ചില തെളിവുകൾ അസ്വസ്ഥതപ്പെടുത്തുന്നവയെന്ന് ഹൈക്കോടതി. പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്നും ശക്തമായ സൂചനകൾ നൽകുന്നവയാണ് പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളെന്ന് ജസ്റ്റിസ് പി ഗോപിനാഥ് അറിയിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകൾ പരിശോധിച്ചപ്പോൾ അതിൽ ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ടെന്ന് ബോദ്ധ്യപ്പെട്ടുവെന്നും അത് പ്രധാനപ്പെട്ടതാണെന്നും കോടതി വ്യക്തമാക്കി.

അന്വേഷണം തടയാനാകില്ല, അന്വേഷണം സുഗമമായി മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്. നടൻ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സമർപ്പിച്ച തെളിവുകളെക്കുറിച്ചായിരുന്നു കോടതിയുടെ പരാമർശം. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.

ക്രിമിനൽ ഗൂഢാലോചന്ക്ക് അന്വേഷണ സംഘത്തിന് സൂചനകൾ കിട്ടി. ഗൂഢാലോചന തന്നെ കുറ്റമായി കണക്കാക്കണമെന്നും കോടതി പറഞ്ഞു. അതേസമയം ദിലീപ് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതി നൽകിയ നിർദ്ദേശം. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. വ്യാഴാഴ്ച ദിലീപ് ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.