കോവിഡ് അതിവേഗം പടരുമ്പോൾ സംസ്ഥാന സർക്കാർ നിസംഗത പുലർത്തുന്നു; വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോവിഡ് അതിവേഗം പടരുമ്പോൾ സംസ്ഥാന സർക്കാർ നിസംഗത പുലർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം തരംഗത്തെ നേരിടാൻ സർക്കാർ ഒന്നും ചെയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മൂന്നാം തരംഗത്തെ നേരിടാൻ സർക്കാരിന്റെ പക്കൽ ആക്ഷൻ പ്ലാനൊന്നുമില്ല. ആശുപത്രികളിൽ പോലും അടിസ്ഥാന സൗകര്യങ്ങളില്ല. മൂന്നാം തരംഗത്തിൽ സ്വകാര്യ ആശുപത്രികളാണ് ജനത്തിന് ആശ്രയമാകുന്നത്. പാവപ്പെട്ടവർക്ക് ഒരു സൗകര്യവുമില്ലെന്നും അദ്ദേഹം വിമർശിച്ചു.

സർക്കാരിന് ഒരു നിയന്ത്രണവുമില്ല. എല്ലാം കൈവിട്ടു പോയി. ജനത്തെ അവരുടെ വിധിക്ക് വിട്ടു കൊടുത്തിരിക്കുകയാണ് സർക്കാർ. കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആരോഗ്യ വകുപ്പ് നിശ്ചലമാണ്. ജാഗ്രത പാലിക്കണമെന്ന് പറയുന്നതല്ലാതെ എന്ത് സംവിധാനം ഏർപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി പറയണം. വിദഗ്ദ്ധ സമിതിയും രണ്ടോ മൂന്നോ ഉദ്യോഗസ്ഥരും ചേർന്ന് എല്ലാം ഹൈജാക്ക് ചെയ്തിരിക്കയാണെന്നും അദ്ദേഹം വ്യക്തമാക്കി.