കാസർകോട്: ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് അന്തരിച്ചു. തലചായ്ക്കാൻ ഇടമില്ലാതെ വിഷമിച്ച നൂറുകണക്കിനാളുകൾക്ക് വീട് നിർമ്മിച്ചുനൽകി ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ തുച്ഛമായ വരുമാനത്തിൽ നിന്നാണ് അദ്ദേഹം മുന്നൂറോളം പേർക്ക് വീട് വെച്ച് നൽകിയത്. തൊഴിലില്ലാത്ത നിരവധി പേർക്ക് ഓട്ടോറിക്ഷകൾ, തയ്യൽ മെഷീനുകൾ തുടങ്ങിയവയും അദ്ദേഹം വിതരണം ചെയ്തിട്ടുണ്ട്. കാശിക്ക് പോകാനായി കരുതിവെച്ച തുക വീട് നിർമ്മാണത്തിനായി സഹായം തേടിയെത്തിയ ഒരാൾക്ക് നൽകിയതിൽ നിന്നാണ് അദ്ദേഹം അശരണർക്ക് വേണ്ടി സേവനം ചെയ്യാൻ ആരംഭിച്ചത്.
ബദിയഡുക്ക കിളിങ്കാർ നടുമനയിലെ കൃഷ്ണഭട്ട്-ദുക്ഷമ്മ ദമ്പതിമാരുടെ മകനായി 1937 ജൂലായ് എട്ടിനായിരുന്നു സായിറാം ജനിച്ചത്. പാരമ്പര്യ വൈദ്യവും കൃഷിയുമാണ് അദ്ദേഹത്തിന്റെ പ്രവർത്തനമേഖല. ഗീതാഞ്ജനേയ വ്യായാമശാല എന്ന പേരിൽ നീർച്ചാലിൽ സ്ഥാപനം ആരംഭിച്ചാണ് അദ്ദേഹം പൊതുസേവനരംഗത്ത് സജീവമായത്. സ്വന്തം വീടു നിർമിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് സായിറാം എല്ലാ വീടുകളും നിർമ്മിച്ച് നൽകിയത്.
നിരവധി കുടിവെള്ള പദ്ധതികൾ, 100ലധികം വീടുകളുടെ വൈദ്യുതീകരണം, നിരവധി യുവതികളുടെ കല്യാണം, വീട് വെക്കാൻ ഭൂമി, സ്‌കൂൾ കുട്ടികൾക്ക് യൂണിഫോം, പുസ്തകം, മെഗാ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

