‘കോടിയേരിയുടെ മകനെന്ന നിലയില്‍ വേട്ടയാടിയപ്പോഴും നട്ടെല്ല് നിവര്‍ത്തി ഞാന്‍ നിന്നിട്ടുണ്ട്’: ബിനീഷ് കോടിയേരി

കണ്ണൂര്‍: കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടിയിട്ടും അവര്‍ക്ക് മുന്‍പില്‍ മുട്ട് മടക്കാതെ നട്ടെല്ല് നിവര്‍ത്തി നിന്നിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി. എന്റെ നിലപാടുകള്‍ എന്നും എന്റെ ബോധ്യങ്ങളാണെന്നും, ഞാന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെ എന്നും ഉയര്‍ത്തിപിടിച്ച് നില്‍ക്കും.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്ന നിലയില്‍ ഞാന്‍ കാലങ്ങളോളം വേട്ടയാടപ്പെട്ടിട്ടുണ്ട്. ഇത്തരം എല്ലാ പ്രചരണങ്ങളെയും അതിജീവിച്ച് തന്നെയാണ് ഇന്ന് ഇവിടെ നില്‍ക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ ഇംഗിതത്തിന് അനുസരിച്ച് അവര്‍ പറയുന്ന പേരുകള്‍ മൊഴിയായി നല്‍കിയിരുന്നെങ്കില്‍ ബിനീഷ് കോടിയേരിക്ക് എന്നേ പുറത്ത് എത്താമായിരുന്നു, ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

എന്റെ നിലപാടുകള്‍ എന്നും എന്റെ ബോധ്യങ്ങളാണ്. ഞാന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെ എന്നും ഉയര്‍ത്തിപിടിച്ച്, നട്ടെല്ല് നിവര്‍ത്തി തന്നെ, ഞാന്‍ നിന്നിട്ടുണ്ട്. ചില കേന്ദ്ര ഏജന്‍സി ചട്ടുകങ്ങള്‍ ഉപയോഗിച്ച് എന്നെ കരുവാക്കി സി.പി.ഐ.എം എന്ന ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ തകര്‍ത്ത് കളയാമെന്ന് വ്യാമോഹമൊക്കെ കേരളത്തിലെ ജനങ്ങള്‍ തന്നെ തകര്‍ത്ത് കളഞ്ഞതാണ്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ എന്ന നിലയില്‍, അല്ലെങ്കില്‍ അതിനും മുന്‍പ്, സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്ന നിലയില്‍ ഞാന്‍ കാലങ്ങളോളം വേട്ടയാടപ്പെട്ടിട്ടുണ്ട്. ഇത്തരം എല്ലാ പ്രചരണങ്ങളെയും അതിജീവിച്ച് തന്നെയാണ് ഇന്ന് ഇവിടെ നില്‍ക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ ഇംഗിതത്തിന് അനുസരിച്ച് അവര്‍ പറയുന്ന പേരുകള്‍ മൊഴിയായി നല്‍കിയിരുന്നെങ്കില്‍ ബിനീഷ് കോടിയേരിക്ക് എന്നേ പുറത്ത് എത്താമായിരുന്നു. ആ പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് ഞാന്‍ എന്റെ നിലപാടുകളില്‍ ഉറച്ച് തന്നെ നിന്നിട്ടുണ്ട്.അതില്‍ അഭിമാനവുമുണ്ട്. കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ കൂടുതല്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. നീതി ലഭിക്കും എന്ന് അങ്ങേയറ്റം വിശ്വാസം ഇന്നെനിക്കുണ്ട്.

എന്റെ ബോധത്തിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള നിലപാടുകള്‍,സമൂഹത്തിലെ വിവിധ വിഷയങ്ങളിലുള്ള ഇടപെടലുകള്‍, അതെല്ലാം തന്നെ എന്റെ രാഷ്ട്രീയ ബോധത്തിലൂന്നിയുള്ളതും,അതേ സമയം തന്നെ വ്യക്തിപരവുമാണ്. അതിനോട് ആര്‍ക്കും യോജിക്കാം, വിയോജിക്കാം സ്വാഗതം ചെയ്യുന്നു. അതില്‍ ഒരു അസഹിഷ്ണുതയുടെയും പ്രശ്‌നം ഉദിക്കുന്നില്ല. എന്റെ രാഷ്ട്രീയം എന്നെ പഠിപ്പിച്ചിട്ടുള്ളത് അതാണ്.

മലീമസമായ രാഷ്ട്രീയ ചിന്തകളില്‍ കൂടി കടന്ന് പോകുന്നവര്‍ക്കേ ആശയം കൈവിട്ട് എതിര്‍ചേരിയില്‍ ഉള്ളവരെ വ്യക്തിപരമായി അക്രമിക്കാനാകൂ. അങ്ങനെ ഉള്ളവരെ ജനം എക്കാലവും വിലയിരുത്തിയിട്ടുണ്ട്. എന്റെ നിലപാടുകള്‍ മുന്‍പ് തന്നെ ഈ വീഡിയോയിലൂടെ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സുപ്രഭാതത്തില്‍ ആര്‍ക്കെങ്കിലും ഒപ്പം കൂടി അതിന്റെ കെയര്‍ ഓഫില്‍, രാഷ്ട്രീയം തൊഴിലാക്കിയവര്‍ക്ക് വിമര്‍ശ്ശിക്കാനുള്ള അര്‍ഹത ഇല്ല. ഒരു ആനുകൂല്യവും പറ്റി ഞാന്‍ ഒരിക്കലും ഒന്നുമാവാന്‍ ശ്രമിച്ചിട്ടില്ല എന്ന് എന്റെ സഖാക്കള്‍ക്ക് കൃത്യമായി അറിയാം. എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മറ്റി അംഗമായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി ആളാണ് ഞാന്‍. അന്ന് മുതല്‍ ഇന്ന് വരെ എന്റെ രാഷ്ട്രീയം കൃത്യമായി പറയാറുണ്ട്,ഉയര്‍ത്തി പിടിക്കാറുമുണ്ട്. ചില ടാലന്റ് ഹണ്ട് പ്രോഡക്ടുകളെ പോലെ ഫേസ്ബുക്കില്‍ മാത്രം അത് ഒതുങ്ങിയിട്ടില്ല. അതല്ല എന്റെ രാഷ്ട്രീയം.

രാഷ്ട്രീയമായി പല അഭിപ്രായവ്യത്യാസങ്ങളും പൊതുപ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാഭാവികമാണ്. അതിലൊക്കെ തന്നെ,ആശയപരമായ സംവാദങ്ങളാണ് ഉണ്ടാകേണ്ടത്, അല്ലെങ്കില്‍ ഉണ്ടായിട്ടുള്ളത്. ഒരാളും മറ്റൊരാളുടെ കുടുംബാംഗങ്ങളെ അതിനിടയില്‍ വലിച്ചിഴയ്ക്കുന്ന പ്രവണത കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ ഒരു ഏര്‍പ്പാടാണ്. പാലക്കാട് ജില്ലയിലെ തൃത്താലയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന, തോറ്റമ്പിയ എം.എല്‍.എ ആണ് ഈ പുതിയ സമ്പ്രദായത്തിന് തുടക്കം കുറിച്ച് വച്ചിരിക്കുന്നത്. മണ്‍മറഞ്ഞ് പോയ, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പോലും ബഹുമാനിച്ചിരുന്ന, മഹാനായ സഖാവ് എ.കെ.ജി.യെ അപമാനിച്ച് കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യത്തില്‍ അരങ്ങേറ്റം കുറിച്ചത്. അത് തൃത്താലയിലെ ജനങ്ങള്‍ കൃത്യമായി വിലയിരുത്തി, മാര്‍ക്കിട്ടു, അദ്ദേഹത്തെ വീട്ടിലിരുത്തി.

അദ്ദേഹമൊക്കെ മറക്കുന്ന ഒന്നുണ്ട്. കുടുംബം എല്ലാവര്‍ക്കുമുണ്ട്. കോണ്‍ഗ്രസ് നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും നാളെ മുതല്‍ ഇങ്ങനെ മറ്റുള്ളവരും സെന്‍സര്‍ ചെയ്യാനിറങ്ങിയാല്‍, ന്യായീകരിക്കുന്ന ഫേസ്ബുക്കൊന്നും മതിയാവാതെ വരും. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന പഴമൊഴി പ്രാവര്‍ത്തികമാക്കുന്ന ആള്‍ എന്ന നിലയിലാണ് ഇയാളെ ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരുത്തിയതും തൃത്താലയെ പ്രതിനിധീകരിച്ച് ബഹു:സ്പീക്കര്‍ എം.ബി.രാജേഷിനെ ജനങ്ങള്‍ നിയമസഭയിലേക്ക് അയച്ചതും. അത് വെറും തോല്‍വി ആയിരുന്നില്ല, മറിച്ച് ഇരന്നു വാങ്ങിയ തോല്‍വിയാണെന്ന് തന്നെ പറയേണ്ടി വരും.

‘തൃത്താലയിലെ തോറ്റ സൂര്യതേജസ്സേ…നമോവാകം’