സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും കോവിഡ് വ്യാപനം വർധിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് കാലത്ത് കടകളിൽ സാധനം വാങ്ങാനായി പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പുറത്തിറങ്ങുന്നതിന് മുമ്പ് മാസ്‌ക് ധരിക്കുക എന്നുള്ളതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. കോവിഡ് പ്രതിരോധത്തിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു പ്രതിരോധ നടപടിയാണ് മാസ്‌ക് ധരിക്കൽ. വൈറസ് മൂക്കിലേക്കും വായിലേക്കും പ്രവേശിക്കുന്നത് തടയാൻ മാസ്‌കുകൾ ധരിക്കുന്നതിലൂടെ കഴിയും. തുണി മാസ്‌ക് ഒഴിവാക്കി എൻ 95 മാസ്‌ക് ധരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കേണ്ടതിന് പ്രാധാന്യമേറെയാണ്. തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കാനും ശ്രമിക്കണം. ഷോപ്പിംഗിനായി പുറത്തേക്ക് പോകാനൊരുങ്ങുമ്പോൾ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് തന്നെ തയ്യാറാക്കുന്നതും നല്ലതാണ്. വാങ്ങിയ സാധനങ്ങൾ അണുവിമുക്തമാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
പുറത്തേക്ക് പോകുമ്പോൾ കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. ഷോപ്പിംഗിന് പോകുമ്പോൾ കൈകളിൽ ഗ്ലൗസും ധരിക്കുക. അണുബാധ തടയുന്നതിന് വായ, മൂക്ക്, കണ്ണുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്പർശിക്കാതിരിക്കുക. പണമിടപാട് നടത്തുന്നതിന് മുൻപും ശേഷവും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വ്യത്തിയക്കണം. ഷോപ്പിങ് കഴിഞ്ഞ് തിരികെ എത്തിയാൽ ഉടൻ കുളിക്കുകയും വേണം.

