കൊവിഡ് രോഗമുക്തി നേടി മൂന്നുമാസത്തിന് ശേഷം കരുതല്‍ ഡോസ് സ്വീകരിച്ചാല്‍ മതിയെന്ന് കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മൂന്നു മാസത്തിന് ശേഷമേ കരുതല്‍ ഡോസ് സ്വീകരിക്കാവൂ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രോഗമുക്തി നേടിയവര്‍ മൂന്നു മാസം കഴിഞ്ഞു മതി വാക്‌സിന്‍ എടുക്കാനെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, കരുതല്‍ ഡോസിന് ഇതു ബാധകമാണോയെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഈ നിര്‍ദ്ദേശം കൃത്യമായി പാലിക്കണമെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വാക്‌സിന്‍ ഇടവേള രണ്ടു ഡോസുകള്‍ക്കിടയില്‍ മൂന്നുമാസവും കരുതല്‍ ഡോസിന് 9 മാസവും എന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. എന്നാല്‍, കൊവിഡ് മുക്തരായവര്‍ ഒരുമാസത്തിനകം തന്നെ വാക്‌സിന്‍ എടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.