ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എഐസിസി ആസ്ഥാനത്താണ് പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. യുവാക്കൾക്കായി 20 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം. പിന്നോക്ക വിഭാഗങ്ങൾക്ക് സ്‌കോളർഷിപ്പ് ഉറപ്പാക്കുമെന്നും കോൺഗ്രസ് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നുണ്ട്.
യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനുള്ള മാർഗരേഖയാണ് കോൺഗ്രസിന്റെ പ്രകടന പത്രികയെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. ജാതി, മത വിവേചനങ്ങളോട് ഒറ്റക്കെട്ടായി പൊരുതാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉത്തർപ്രദേശ് തിരിച്ചുപിടിക്കാനായി ബിജെപി ഒഴികെയുള്ള മറ്റ് പാർട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി വ്യക്തമാക്കി. സഖ്യത്തിന്റെ അടിസ്ഥാനം കോൺഗ്രസ് പ്രകടന പത്രിക തന്നെയായിരിക്കുമെന്നും അതിന് അനുസൃതമായി മാത്രമേ പാർട്ടി പ്രവർത്തിക്കൂവെന്നും പ്രിയങ്കാഗാന്ധി വിശദീകരിച്ചു.
സംസ്ഥാനത്ത് പ്രാദേശിക വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. സ്‌കോളർഷിപ്പ് വിതരണത്തിനായി ഏകജാലക സംവിധാനം കൊണ്ടുവരും. ഇത്തരവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖം താനായിരിക്കുമെന്നും പ്രിയങ്കാ ഗാന്ധി അറിയിച്ചു.

