ഇ-പാസ്പോര്‍ട്ട് സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് ഇന്ത്യ. നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസിലായിരിക്കും പാസ്പോര്‍ട്ട് നിര്‍മിക്കുക എന്നാണ് ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യോമയാനവുമായി ബന്ധപ്പെട്ട രാജ്യാന്തര സംഘടനയായ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങള്‍ പാലിച്ചാവും ഇറക്കുക.
ഇ-പാസ്പോര്‍ട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പില്‍ ഉടമയെക്കുറിച്ചുള്ള ബയോമെട്രിക് ഡേറ്റ, പേര്, അഡ്രസ്, മറ്റു തിരിച്ചറിയാന്‍ ഉപകരിക്കുന്ന വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഉടമ നടത്തിയ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളടക്കം അതില്‍ ലഭ്യമാക്കും. ഉന്നത നിലവാരമുള്ള സുരക്ഷാ വലയം ചിപ്പിന് ഉണ്ടാകും. ഇത്തരം പാസ്പോര്‍ട്ടിന് എയര്‍പോര്‍ട്ടില്‍ വേരിഫിക്കേഷന് അധികം സമയം വേണ്ടി വരില്ല.
ചിപ്പിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന് അതിന്റെ റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) മൈക്രോചിപ്പ് ആണ്. ബയോമെട്രിക് അനുവാദമില്ലാതെ ചിപ്പിലെ ഡേറ്റ എടുക്കാനുള്ള സാധ്യത കുറക്കാനായി കനത്ത സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ഥാനപതികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഉള്ള 20,000 ഇ-പാസ്പോര്‍ട്ട് ഇതിനകം നല്‍കി കഴിഞ്ഞു. ഇത് വിജയിച്ചാല്‍ ജനങ്ങള്‍ക്കും ഇ-പാസ്പോര്‍ട്ട് നല്‍കി തുടങ്ങും

