കാസർകോട്: കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിലേക്ക്. ജനുവരി 22 മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് കളക്ടർ നൽകിയ വിശദീകരണം. പകരം ചുമതല നൽകിയിരിക്കുന്നത് എഡിഎമ്മിനാണ്. സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാരണമായ വിവാദങ്ങൾക്ക് പിന്നാലെയാണ് കളക്ടർ അവധിയിൽ പ്രവേശിച്ചത്. അതേസമയം കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള പൊതുപരിപാടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെ കളക്ടർ പിന്തുണച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കർശനമായി പാലിക്കണമെന്നായിരുന്നു കളക്ടറുടെ പ്രതികരണം.
നേരത്തെ ജില്ലയിൽ പൊതുപരിപാടികൾ പാടില്ലെന്ന് അറിയിച്ച് പുറത്തിറക്കിയ ഉത്തരവ് കളക്ടർ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ കളക്ടർക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഉത്തരവ് പുറത്തിറക്കി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ കളക്ടർ ഇത് പിൻവലിക്കുകയായിരുന്നു. സിപിഎം കാസർകോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നടപടിയെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം.
ടിപിആർ അടിസ്ഥാനമാക്കിയാണ് ആദ്യ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന് അനുസൃതമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിൻവലിക്കുന്നതെന്ന് കളക്ടർ വിശദമാക്കിയിരുന്നു.
കാസർക്കോട് ജില്ലയിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരാഴ്ചത്തേക്കാണ് സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത്.
ജില്ലയിൽ പൊതുസമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവ് കളക്ടർ പിൻവലിച്ചതിനെ ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇത്തരമൊരു നടപടി സ്വീകരിച്ചത്. സമ്മേളനങ്ങളിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.

