തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കേരളത്തില്‍ കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സര്‍ക്കാരാണെന്നും. ഇതിലൊന്നും പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മുകാര്‍ക്ക് തന്നെ രോഗം പടര്‍ത്തണം എന്ന ആഗ്രഹം പാര്‍ട്ടിക്കുണ്ടാകുമോയെന്നും കോടിയേരി ചോദിച്ചു.
സംസ്ഥാനത്ത് ഇത്രയും ആളുകള്‍ക്ക് കൊവിഡ് വന്നത് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോയെന്നും മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. സിപിഎം ജില്ലാ സമ്മേളനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത്. സമ്മേളന പ്രതിനിധികളുടെ എണ്ണം വെട്ടിച്ചുരുക്കിയിട്ടുണ്ട്. 400 പ്രതിനിധികള്‍ പങ്കെടുക്കേണ്ടിടത്ത് 180 പ്രതിനിധികളാക്കി ചുരുക്കിയെന്നും കോടിയേരി വ്യക്തമാക്കി. സമ്മേളനം നടക്കുന്ന കാസര്‍കോടും തൃശൂരും കൊവിഡ് പ്രശ്ന ബാധിത കാറ്റഗറിയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

