ഓസ്‌കാർ അവാർഡ്സിന്റെ മത്സര പട്ടികയിൽ ഇടം നേടി മരയ്ക്കാർ

കൊച്ചി: ഓസ്‌കാർ അവാർഡ്സിന്റെ മത്സര പട്ടികയിൽ ഇടം നേടി മോഹൻലാൽ ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. രണ്ടു ചിത്രങ്ങൾ മാത്രമാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് മത്സര പട്ടികയിൽ ഇടം നേടിയത്. സൂര്യ നായകനായെത്തിയ ജയ് ഭീം ആണ് പട്ടികയിൽ ഇടം പിടിച്ച രണ്ടാമത്തെ ചിത്രം.

2019 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് മരയ്ക്കാറിന് ലഭിച്ചിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് മരയ്ക്കാർ. പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. സാബു സിറിളാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എന്റ്‌റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് സി.ജെ എന്നിവർ ചേർന്നാണ് മരയ്ക്കാർ നിർമ്മിച്ചത്.

മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മണിക്കുട്ടൻ ബാബു രാജ്, ഇന്നസെന്റ്, സുഹാസിനി, കല്യാണി പ്രിയദർശൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. പ്രമുഖ ഓസ്‌കാർ കൺസൾട്ടേഷൻ സ്ഥാപനമായ കൊച്ചിയിലെ പ്രോജക്ട് ഇൻഡിവുഡിന്റെ നേതൃത്വത്തിലാണ് ചിത്രം ഓസ്‌കാറിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.