ബിജെപിക്ക് നേട്ടം; മണിപ്പൂരില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക്‌

ഇംഫാല്‍: സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. മണിപ്പൂരില്‍ നിന്ന് ബിജെപിയിലേക്ക് കൂടുതല്‍ നേതാക്കളെത്തുന്നതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക എംഎല്‍എയായിരുന്ന ടോങ്ബ്രാം റബിന്ദ്രോയും, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ വൈ സുര്‍ചന്ദ്രയും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് ഇത്തരം നീക്കങ്ങള്‍.

60 സീറ്റുകളില്‍ ഏറ്റവും കുറഞ്ഞത് 40 സീറ്റുകളെങ്കിലും നേടി ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ബിജെപി നേതാവ് അശോക് സിംഗാല്‍ വ്യക്തമാക്കി. എന്നാല്‍, ‘താന്‍ കോണ്‍ഗ്രസിലായിരുന്നപ്പോഴും ഹൃദയം ബിജെപിക്കൊപ്പമായിരുന്നെന്ന്
അംഗത്വം സ്വീകരിക്കവെ സുര്‍ചന്ദ്ര വെളിപ്പെടുത്തി. ഇന്ന് മുതല്‍ ഞാന്‍ പൂര്‍ണ്ണമായും ബിജെപിക്കൊപ്പം നില്‍ക്കുകയും പാര്‍ട്ടിക്ക് കൂടുതല്‍ വോട്ട് ലഭിക്കുന്നതിനുവേണ്ടി വലിയ പങ്ക് വഹിക്കുകയും ചെയ്യുമെന്നും സുര്‍ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

ബിഷ്ണുപൂര്‍ ജില്ലയിലെ താംഗ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് തൃണമൂല്‍ നേതാവ് റബീന്ദ്രോ ജയിച്ചത്. ഫെബ്രുവരി 27, മാര്‍ച്ച് 3 തിയ്യതികളിലായി രണ്ട് ഘട്ടമായാണ് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.