പാര്‍ട്ടി ഓഫീസ് തൊടാന്‍ ഒരാളെയും അനുവദിക്കില്ല; പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള ഉത്തരവിനെതിരെ എം.എം മണി

ഇടുക്കി: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള സംസ്ഥാനത്തെ റവന്യു വകുപ്പിന്റെ ഉത്തരവിനെതിരെ മുന്‍മന്ത്രിയും ഉടുംബന്‍ചോല എംഎല്‍എയുമായ എം.എം മണി രംഗത്ത്. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദ് ചെയ്യുന്നത് എന്തിനാണെന്ന് റവന്യു മന്ത്രിയും വകുപ്പും വ്യക്തമാക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് പ്രകാരം സിപിഎം ഓഫീസിന് നല്‍കിയ പട്ടയവും റദ്ദ് ചെയ്യേണ്ടി വരും. അതേസമയം, പാര്‍ട്ടി ഓഫീസ് അവിടെ തന്നെ നിലനില്‍ക്കുമെന്നും ഒരാളെയും തൊടാന്‍ അനുവദിക്കില്ലെന്നും മണി വ്യക്തമാക്കി.

പട്ടയം റദ്ദ് ചെയ്യാനുള്ള ഉത്തരവ് ബാധിക്കുക സാധാരണക്കാരെയാണെന്നും അവിടെ ഒരു വന്‍കിടക്കാരും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനമെന്നും മണി പറഞ്ഞു. പട്ടയമേള നടത്തി, പൈസ അടച്ച് വാങ്ങിയതാണ് ജനങ്ങള്‍ പട്ടയങ്ങളെന്നും ഉത്തരവിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് ഇതുവരെ പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് തോന്നിയിട്ടില്ല. അന്ന് പരിശോധിക്കേണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ സംഭവം ജനങ്ങളുടെ പ്രശ്‌നമാണെന്നും, ജനങ്ങള്‍ നോക്കിക്കോളുമെന്നും എം.എം മണി പറഞ്ഞു. പാര്‍ട്ടി ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, റവന്യു വകുപ്പിന്റെ ഉത്തരവിനെ എതിര്‍ത്ത് സിപിഐ ജില്ലാ നേതൃത്വവും രംഗത്ത് വന്നിട്ടുണ്ട്.