ജനീവ: കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്സിൻ നൽകുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.
ആരോഗ്യമുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ല. ഏതൊക്കെ വിഭാഗത്തിനാണ് ബൂസ്റ്റർ ഡോസുകൾ കൂടുതലായി ആവശ്യം വരികയെന്ന് വിശദമായി പഠനം നടത്തേണ്ടതുണ്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്കും ആരോഗ്യപ്രവർത്തകർക്കും ബൂസ്റ്റർ ഡോസ് അത്യാവശ്യമാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികൾക്കും മുതിർന്നവർക്കും ബൂസ്റ്റർ ഡോസ് നൽകേണ്ട സാഹചര്യം നിലവിലില്ലെന്നും സൗമ്യ വ്യക്തമാക്കി.
മുൻ വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനതോത് വളരെ കൂടുതലാണ് ഒമിക്രോണിന്. ഒമിക്രോണിന് കൂടുതൽ വകഭേദങ്ങൾ ഉണ്ടാകില്ലെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. കൂടുതൽ ആളുകൾ രോഗബാധിതരാകുമ്പോൾ വൈറസിന് പുതിയ വകഭേദമുണ്ടാകാനുള്ള സാധ്യത കൂടുമെന്നും സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകി. ഒമിക്രോൺ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകില്ലെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. കോവിഡ് കേസുകൾ ആശുപത്രികൾക്ക് ഉൾക്കൊള്ളാവുന്നതിന് മുകളിലേക്ക് എത്താമെന്നാണ് ഗവേഷകർ അറിയിക്കുന്നത്.

