രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ തീരുമാനിച്ച് സർക്കാർ; നടപടിക്രമങ്ങൾ 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഉത്തരവ്

ഇടുക്കി: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ തീരുമാനിച്ച് സർക്കാർ. 1999 ൽ ദേവികുളം താലൂക്കിൽ ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് അനുവദിച്ച പട്ടയങ്ങളാണ് സർക്കാർ റദ്ദാക്കുന്നത്. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കി.

ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. പട്ടയം റദ്ദാക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉടമൾക്ക് പുതിയ അപേക്ഷ വേണമെങ്കിൽ നൽകാം. ഡെപ്യട്ടി തഹസിൽദാരും റവന്യും ഇൻസ്‌പെക്ടർമാരും അടങ്ങുന്ന സംഘം ഇത് പരിശോധിക്കണം. 45 ദിവസത്തിനുള്ളിൽ നടപടികൾ തീർക്കണമെന്നാണ് ഉത്തരവ്. 2019 ജൂൺ 18 നായിരുന്നു പട്ടയങ്ങൾ പരിശോധിക്കാൻ റവന്യുവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേരാണ് രവീന്ദ്രൻ പട്ടയങ്ങൾ.

1999 ൽ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽതാർ എം ഐ രവീന്ദ്രനാണ് പട്ടങ്ങയങ്ങൾ ഇറക്കിയത്. വലിയ വിവാദങ്ങളാണ് ഇത് സൃഷ്ടിച്ചത്. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്ന പരാതിയാണ് പ്രധാനമായും ഉയർന്നത്. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലു വർഷം അന്വേഷണം നടത്തിയ ശേഷമാണ് 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77 ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് പട്ടയങ്ങൾ നൽകിയതെന്ന് കണ്ടെത്തിയത്. അതേസമയം താൻ നൽകിയത് വ്യാജ പട്ടയങ്ങളല്ലെന്നാണ് രവീന്ദ്രന്റെ നിലപാട്.