സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. വരും ദിവസങ്ങളിൽ ഇനിയും താപനില ഉയരാനാണ് സാധ്യത. വെയിലും ചൂടും കാരണം ചർമ്മത്തിനും ആരോഗ്യത്തിനും പലവിധ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്. ആഹാരത്തിൽ ചെറിയ ഒരു കരുതൽ സ്വീകരിക്കുകയാണെങ്കിൽ സൂര്യതാപം ഒരുപരിധി വരെ തടയാൻ കഴിയും.
പച്ചക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കുന്നതിലൂടെ ടാനിനെ അകറ്റി നിർത്താം. കാരറ്റ്, ചുവന്ന കാപ്‌സിക്കം, ഓറഞ്ച്, മാങ്ങ, ബ്രൊക്കോളി, ഇലക്കറികൾ, മത്തങ്ങ, പഴം, ആപ്പിൾ തുടങ്ങിയവ കഴിക്കുന്നത് സൂര്യനിൽ നിന്ന് ശരീരത്തിന് സംരക്ഷണം നൽകും. തക്കാളി, തണ്ണിമത്തൻ ഇവയിൽ അടങ്ങിയ ലൈക്കോപീൻ എന്ന ആന്റി ഓക്‌സിഡന്റ് UVA, UVB റേഡിയേഷനെ ആഗിരണം ചെയ്ത് ഇവ ശരീരത്തെ പെട്ടെന്ന് ബാധിക്കാതെ സംരക്ഷണം നൽകുകയും ചെയ്യും.
ഇലക്കറികൾ, കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഇവയിലുള്ള ആന്റിഓക്‌സിഡന്റുകൾ സൂര്യതാപത്തിൽ നിന്നും സ്‌കിൻ കാൻസറിൽ നിന്നും സംരക്ഷണം നൽകും. മധുരക്കിഴങ്ങ്, സ്‌ട്രോെബറി, ചുവന്ന മുന്തിരി തുടങ്ങിയവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

