കോവിഡ് വൈറസ് വ്യാപനം ആരംഭിച്ചത് മുതൽ ഇന്ത്യയിൽ വിറ്റഴിച്ചത് 350 കോടി ഡോളോ ഗുളികകൾ

മുംബൈ: കോവിഡ് വൈറസ് വ്യാപനം ആരംഭിച്ചത് മുതൽ ഇന്ത്യയിൽ വിറ്റഴിച്ചത് 350 കോടി ഡോളോ ഗുളികകൾ. പാരസെറ്റാമോളാണ് പനിക്കും ജലദോഷത്തിനും ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്നത്. ഇതിൽ ഡോളോ 650യുടെ ഇന്ത്യയിലെ വിൽപ്പന കോവിഡ് കാലത്ത് രണ്ടിരട്ടിയായി വർധിച്ചു. കോവിഡിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ് പനിയും തലവേദനയും. സാധാരണ പനിയും തലവേദനയും ആണെങ്കിൽ പോലും ജനങ്ങൾ പാരസെറ്റമോൾ ഗുളികകൾ കഴിക്കും. കോവിഡിന് മുമ്പ് പാരസെറ്റാമോളിന്റെ എല്ലാ കാറ്റഗറിയിലുള്ള ഗുളികകളുടെയും വിൽപ്പന 530 കോടിയായിരുന്നു. എന്നാൽ, 2021 ഓടെ ഇവയുടെ വിൽപ്പനയിൽ 70 ശതമാനം വർധനവ് ഉണ്ടായി. ഇതോടെ വാർഷിക വരുമാനം 924 കോടിയിലെത്തി.

കോവിഡിന് മുമ്പ് 7.5 കോടി ഡോളോ ഗുളികകളുടെ സ്ട്രിപ്പ് വിറ്റു. ഒരു സ്ട്രിപ്പിൽ 15 ഗുളികകളാണ് ഉണ്ടായിരുന്നത്. 2019 ൽ വാർഷിക വിൽപ്പന 9.4 കോടി സ്ട്രിപ്പായി ഉയർന്നു. കോവിഡിന്റെ രണ്ടാംതരംഗത്തിൽ കേസുകളുടെ എണ്ണവും മരണനിരക്കും ഉയർന്നു. ഇതോടെയാണ് പാരസെറ്റാമോൾ ഗുളികൾക്ക് ഡിമാൻഡ് വർധിച്ചത്. ഇതോടെ 2021 ൽ 307 കോടി രൂപയുടെ വിൽപ്പന നടത്തി രാജ്യത്തെ രണ്ടാമത്തെ പനി -വേദന സംഹാരി ഗുളികയായി ഡോളോ മാറി. ജി.എസ്.കെയുടെ കാൽപോളാണ് ഒന്നാം സ്ഥാനത്തുള്ളത്. 310 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഗൂഗിൾ സെർച്ചിലും ഒന്നാംസ്ഥാനം ഡോളോക്കാണ്. 2020 ജനുവരി മുതൽ രണ്ടുലക്ഷത്തിലധികം സെർച്ചുകളാണ് ഡോളോ 650 നെ കുറിച്ച് നടത്തിയത്.