സൂര്യയുടെ സിനിമാ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകൾ പിടിച്ചെടുത്ത് പോലീസ്

ചെന്നൈ: സൂര്യ നായകനായെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകൾ പിടിച്ചെടുത്ത് പോലീസ്. ‘എതർക്കും തുനിന്തവൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകളാണ് പോലീസ് പിടിച്ചെടുത്തത്. ചിത്രത്തിന്റെ സഹസംവിധായകൻ തോക്കുകൾ കാരക്കുടിയിലേക്ക് കൊണ്ടുപോയപ്പോഴാണ് പോലീസ് പിടിച്ചെടുത്തത്. സൗത്ത് ഇന്ത്യൻ മൂവി ഡമ്മി ഇഫക്ട്‌സ് അസോസിയേഷൻ (സിംഡിയ) ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി.

ചിത്രീകരണത്തിനായി ഡമ്മി ആയുധങ്ങൾ കൊണ്ടുപോകാൻ പ്രത്യേക മാർഗനിർദേശവും ലൈസൻസും അനുവദിക്കാൻ പോലീസിന് നിർദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഡമ്മി തോക്കുകൾ കൊണ്ടുപോകുന്നവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും നൽകണമെന്നാവശ്യപ്പെട്ട് 2014 ൽ പോലീസിന് നിവേദനം നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് അസോസിയേഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 150-ഓളം ഡമ്മി ആയുധങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.