ഓപറേഷന്‍ പി ഹണ്ട്: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഐടി പ്രൊഫഷണലുകളടക്കം 10 പേര്‍ പിടിയില്‍

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ഞായറാഴ്ച രാവിലെ മുതല്‍ കേരള പോലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന്റെ ഭാഗമായി ഐടി പ്രൊഫഷണലുകളടക്കം 10 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കേരളത്തില്‍ 410 കേന്ദ്രങ്ങളില്‍ നടത്തിയ പോലീസ് പരിശോധനയില്‍ 161 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇവരുടെ പക്കല്‍ നിന്നും ലാപ് ടോപ്, മൊബൈല്‍ തുടങ്ങി 186 ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

വിദേശത്തു നിന്നുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങളായിരുന്നു നേരത്തേ പിടിച്ചെടുത്തത്. എന്നാല്‍, ഇത്തവണ കേരളത്തില്‍ നിന്നുള്ള കുട്ടികളുടെ ചിത്രങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഞ്ചിനും പതിനാറിനും ഇടയിലുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്. വാട്സാപ്പ്, ടെലഗ്രാം വഴിയാണ് കൂടുതല്‍ പ്രചരണം നടക്കുന്നത്.

സമൂഹ മാധ്യമങ്ങള്‍ വഴിയും ഡാര്‍ക്ക് നെറ്റിലൂടെയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളുടെയും അശ്ലീല ചിത്രങ്ങളും കാണുന്നവരെയും ഡൗണ്‍ലോഡ് ചെയ്തും ഷെയര്‍ ചെയ്തും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനാണ് പരിശോധന നടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു എല്ലാ ജില്ലകളിലെയും പരിശോധന.