ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടേത് ഏറ്റവും വലിയ വർഗീയ പരാമർശം; കോടിയേരി

കണ്ണൂർ: കോൺഗ്രസിനും രാഹുൽഗാന്ധിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടേത് ഏറ്റവും വലിയ വർഗീയ പരാമർശമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുൽ ഗാന്ധിയുടെ നയമാണോയെന്നും അദ്ദേഹം ചോദിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസിന് മതേതര മുഖം നഷ്ടമായി. ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് ന്യൂനപക്ഷ നേതാക്കളെ തഴഞ്ഞു. കോൺഗ്രസ് നേതാക്കളായി ആര് വരണം എന്നുള്ളത് കോൺഗ്രസുകാർ തീരുമാനിക്കേണ്ടതാണ്. പക്ഷേ, കേരളത്തിലെ കോൺഗ്രസിന് എല്ലാക്കാലത്തും ഒരു മതേതരത്വ സ്വഭാവം ഉണ്ടെന്ന് സ്ഥാപിക്കാൻ വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ഒരു നേതൃനിരയായിരുന്നു ഉണ്ടായിരുന്നത്. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.എൽ. ജേക്കബിനെ കെ.പി.സി.സി. പ്രസിഡന്റാക്കി. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ.മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റാക്കി. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൽ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി. പ്രസിഡന്റ്. മതേതരത്വം കാത്തുസൂക്ഷിക്കാനാണ് ഇത്തരത്തിൽ പ്രതിനിധ്യം കൊടുക്കുന്നതെന്നായിരുന്നു കോൺഗ്രസ് അപ്പോഴെല്ലാം അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ആ കീഴ്വഴക്കം ലംഘിക്കാൻ കാരണമെന്താണെന്ന് കോടിയേരി ചോദിച്ചു.

കോൺഗ്രസ് നേതൃത്വത്തിൽ ദേശീയ രാഷ്ട്രീയത്തിൽ വന്നുകൊണ്ടിരിക്കുന്ന നിലപാടാണ് ഈ ലംഘനം നടത്തിയതിന് പിന്നിൽ. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കളാണ് ഇന്ത്യ ഭരിക്കേണ്ടതെന്നുമാണ് രാഹുൽ ഗാന്ധി പരസ്യമായി പറഞ്ഞിരിക്കുന്നത്. ഈ കാഴ്ച്ചപാടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നേതാക്കളെയെല്ലാം ഇപ്പോൾ അവഗണിച്ച് ഒതുക്കിവെച്ചിരിക്കുന്നത്. ഗുലാം നബി ആസാദും സൽമാൻ ഖുർഷിദും കെ.വി.തോമസ് എവിടെയാണ്. ഇപ്പോൾ കോൺഗ്രസ് സ്വീകരിച്ചുവരുന്ന നിലപാടിന്റെ ഭാഗമാണ്. ഇവരെയെല്ലാം ഒതുക്കിവെച്ചത്. ഇക്കാര്യം കോൺഗ്രസുകാരാണ് ചർച്ച ചെയ്യേണ്ടതെന്നും കോടിയേരി കൂട്ടിച്ചേർത്തു.