പഞ്ചാബില്‍ എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവന്ത് മന്‍; പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ലോക്‌സഭാംഗമായ ഭഗവന്ത് മന്‍ ആണ് പഞ്ചാബില്‍ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുക.

ജനുവരി 13ന് പ്രത്യേക മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷം വോട്ടര്‍മാരോട് താല്‍പ്പര്യമുള്ള പേര് മെസേജ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു പാര്‍ട്ടി. 21 ലക്ഷത്തോളം ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തിയെന്നും 93.3 ശതമാനം പേരും അനുകൂലിച്ചത് ഭഗവന്ത് മന്നിനെയാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി. 3.6 ശതമാനം പേര്‍ മാത്രമായിരുന്നു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവിനെ അനുകൂലിച്ചത്.

നിലവില്‍ സാന്‍ഗ്രൂരില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് ഭഗവന്ത് മന്‍.
ആം ആദ്മി പാര്‍ട്ടി ഇതിനോടകം സംസ്ഥാനത്ത് 117 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 10 വരെയാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.