തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളുമായി കെ-റെയില്‍ ബന്ധിപ്പിക്കുന്നത് നഷ്ടമാകുമെന്ന് ഡിപിആറില്‍ വ്യക്തമാക്കുന്നു. യാത്രക്കാര്‍ കുറയുമെന്ന വിലയിരുത്തലിലാണ് തിരുവനന്തപുരം വിമാനത്താവളവുമായി കെ-റെയിലിനെ ബന്ധിപ്പിക്കാനുള്ള ആലോചന ഉപേക്ഷിച്ചത്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളുമായും കെ-റെയില്‍ ബന്ധിപ്പിക്കാനാകില്ലെന്നും ഡിപിആര്‍ വിശദീകരിക്കുന്നു. നിലവിലുള്ള കെ-റെയില്‍ അലൈന്‍മെന്റ് വിമാനത്താവളവുമായി വളരെ അകലെയാണ് എന്നതാണ് ഇതിനു കാരണം. എന്നാല്‍, നെടുമ്പാശ്ശേരി വിമാനത്താവളവുമായി പാത ബന്ധിപ്പിക്കുന്ന കാര്യത്തില്‍ അനുകൂല തീരുമാനമുള്ളത്.
അതേസമയം, ഫീഡര്‍ സ്റ്റേഷന്‍ തുടങ്ങുന്നതിന് കെ-റെയില്‍ അധികൃതര്‍ നെടുമ്പാശ്ശേരി വിമാനത്താവള അധികൃതരുമായി ഒരു ധാരണയിലെത്തിയിട്ടുണ്ട്. ഇതുവഴി വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കാനാണ് നീക്കം. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ കാക്കനാടുമായി കെ-റെയിലിനെ ബന്ധിപ്പിക്കാന്‍ സാധിക്കും. കോഴിക്കോട് ലൈറ്റ് മെട്രോയുമായും പാത ബന്ധിപ്പിക്കുമെന്നും ഡിപിആറില്‍ ചൂണ്ടിക്കാട്ടുന്നു.

