18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമം; നടൻ ധനുഷും ഭാര്യയും വേർപിരിയുന്നു

നടൻ ധനുഷും ഭാര്യയും വേർപിരിയുന്നു.സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ധനുഷും ഭാര്യ ഐശ്വര്യയും ഇക്കാര്യം വ്യക്തമാക്കിയത്. 18 വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. വളർച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടെയും വഴികൾ പിരിയുന്ന സമയമാണെന്നും ഇരുവരും അറിയിച്ചു. തങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂവെന്നും ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത തങ്ങൾക്ക് നൽകൂവെന്നും ധനുഷും ഐശ്വര്യയും വ്യക്തമാക്കി.

2004 നവംബർ 18 ന് ആയിരുന്നു ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹം. രണ്ട് ആൺമക്കളാണ് ഇരുവർക്കുമുള്ളത്. രജനീകാന്തിന്റെ മൂത്ത മകളായ ഐശ്വര്യ ഒരു സംവിധായികയും ഗായികയുമാണ്. ധനുഷിനെ നായകനാക്കി 2012 ൽ പുറത്തെത്തിയ ‘3’ എന്ന ചിത്രത്തിനാണ് ഐശ്വര്യ ആദ്യമായി സംവിധാനം നിർവ്വഹിച്ചത്.

ധനുഷും ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ കുറിപ്പിന്റെ പൂർണ്ണരൂപം:

സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ.

ധനുഷ്, ഐശ്വര്യ രജനീകാന്ത്