കെ-റെയില്‍: ‘ഡിപിആറില്‍ തിരുത്തലാകാം’; മൃദു സമീപനവുമായി സര്‍ക്കാര്‍; പദ്ധതിയില്‍ സംശയങ്ങളുള്ളത് കൊണ്ടെന്ന് വിമര്‍ശനം

തിരുവനന്തപുരം: കെ-റെയില്‍ ആശങ്കകള്‍ പരിഹരിക്കുമെന്നും സര്‍ക്കാരിന് പദ്ധതിയില്‍ യുദ്ധപ്രഖ്യാപനമില്ലെന്നും റവന്യുമന്ത്രി കെ രാജന്‍ വ്യക്തമാക്കി. എന്നാല്‍, ഇടത് ബുദ്ധിജീവികള്‍ ആവശ്യപ്പെട്ട തിരുത്തലിന് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം.

അതേസമയം, കെ-റെയില്‍ ഡിപിആര്‍ സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചാണ് പുറത്തു വിട്ടതെന്നും അതുകൊണ്ട് പ്രത്യേകിച്ച് അപകടമൊന്നും ഇല്ലെന്നും എം.ഡി അജിത് കുമാര്‍ പറഞ്ഞു. അലൈന്മെന്റില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാമെന്നും, 2025നുള്ളില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1383 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. പദ്ധതി ഉണ്ടാക്കാനിടയുള്ള കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളും നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നുമുള്ള ഡിപിആറിലെ ആശങ്കകളും വലിയ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ മൃദു സമീപനം. തിരുത്തലുകള്‍ വേണമെന്ന് കേന്ദ്രം നിലപാട് സ്വീകരിക്കും മുമ്പ് തന്നെ സര്‍ക്കാരിന്റെ പിന്നോട്ട് പോകല്‍ ഡിപിആറില്‍ സര്‍ക്കാറിനുള്ള സംശയമായി വിദഗ്ദ്ധര്‍ ഉന്നയിക്കുന്നുണ്ട്. ഡിപിആര്‍ തിരുത്തുമെന്ന സര്‍ക്കാര്‍ നിലപാട് സര്‍ക്കാറിന് തന്നെ പദ്ധതിയില്‍ സംശയങ്ങളുള്ളതുകൊണ്ടാണെന്ന് സിഡിഎസ് മുന്‍ ഡയറക്ടറും ഇടത് സഹയാത്രികനുമായ കെ പി കണ്ണന്‍ വ്യക്തമാക്കി. ശാസ്ത്രസാഹിത്യ പരിഷത്തും ഡിപിആര്‍ വിശദമായി പഠിക്കുകയാണ്.