പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ഉടനെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പന്ത്രണ്ടിനും പതിനാല് വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാനൊരുങ്ങി രാജ്യം. പതിനഞ്ച് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കുമെന്നും വാക്‌സിനേഷന്‍ ഉപദേശക സമിതി തലവന്‍ ഡോ.എന്‍. കെ. അറോറ പറഞ്ഞു.

പതിനഞ്ചിനും പതിനെട്ടിനുമിടയില്‍ രാജ്യത്ത് ഏഴ് കോടി പേരാണുള്ളത്. ഇതില്‍ മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം പേര്‍ ഇതുവരെ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. മുഴുവന്‍ പേരുടെയും ആദ്യ ഡോസ് വാക്‌സിനേഷന്‍ ജനുവരിയോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി മാസം രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങും. ശേഷം 12 നും 14നും ഇടയിലുള്ള കുട്ടികളിലെ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് അറോറ വ്യക്തമാക്കി.