ലിങ്ക്ഡിനില്‍ ശല്യക്കാരെ ബ്ലോക്ക് ചെയ്യണോ? വഴിയുണ്ട്…

പ്രൊഫഷണലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ലിങ്ക്ഡിന്‍ എന്നറിയാമല്ലോ. ജോലിക്ക് അപേക്ഷിക്കുന്നതിനും പുതിയ പുതിയ ജോബ് ഓപ്പണിങ്ങിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനുമൊക്കെ നമ്മളില്‍ ഭൂരിഭാഗം പേരും ലിങ്ക്ഡിന്‍ സന്ദര്‍ശിക്കാറുണ്ട്. ചിലസമയങ്ങളില്‍ ലിങ്ക്ഡിനില്‍ നിന്നും അറിയാത്തതോ താല്‍പര്യമില്ലാത്തതോ ആയ ആളുകളില്‍ നിന്ന് നമുക്ക് ഇന്‍വിറ്റേഷനുകള്‍ വരാറുണ്ട്. എന്നാല്‍, ഇത്തരം ആളുകളില്‍ നിന്നും മെസേജുകളും ഇന്‍വിറ്റേഷനുകളും ലഭ്യമാകാതിരിക്കാന്‍ ബ്ലോക്കിങ് മെക്കാനിസവും ലിങ്ക്ഡിനില്‍ തന്നെയുണ്ട്. അതെങ്ങനെയെന്ന് നോക്കാം…

ലിങ്ക്ഡിനില്‍ എങ്ങനെ ഒരാളെ ബ്ലോക്ക് ചെയ്യാം?

ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

‘മോര്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ‘റിപ്പോര്‍ട്ട് / ബ്ലോക്ക്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

തുറന്ന് വരുന്ന പോപ്പ് അപ്പ് വിന്‍ഡോയുടെ ഉള്ളില്‍ നിന്ന് ‘ബ്ലോക്ക്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങള്‍ ആ വ്യക്തിയുമായി ലിങ്ക്ഡിന്‍ റിക്രൂട്ടര്‍ അക്കൗണ്ട് ഷെയര്‍ ചെയ്തിട്ടില്ലെങ്കില്‍, ബ്ലോക്ക് ചെയ്യപ്പെടുന്ന വ്യക്തിക്ക് ബ്ലോക്ക് ചെയ്തത് അടക്കമുള്ള അറിയിപ്പുകളൊന്നും ലഭിക്കില്ല. ഒരിക്കല്‍ നിങ്ങള്‍ ഒരു വ്യക്തിയെ ബ്ലോക്ക് ചെയ്താല്‍, നിങ്ങള്‍ പരസ്യമാക്കിയ വിവരങ്ങള്‍ അവര്‍ക്ക് തുടര്‍ന്നും കാണാന്‍ കഴിയും. എന്നിരുന്നാലും, നിങ്ങളുടെ പ്രൊഫൈല്‍ ക്രമീകരണം പ്രൈവറ്റ് ആക്കി മാറ്റുകയാണെങ്കില്‍, അവര്‍ക്ക് ഒന്നും കാണാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഒരു വ്യക്തിയെ ബ്ലോക്ക് ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍, നിങ്ങള്‍ക്ക് ലിങ്ക്ഡിന്‍ കണക്ഷന്‍ നീക്കം ചെയ്യാം. നീക്കം ചെയ്യുന്നതിനെ കുറിച്ച് വ്യക്തിക്ക് അറിയിപ്പ് ലഭിക്കില്ല, എന്നാല്‍ നിങ്ങള്‍ ഇരുവരും തമ്മിലുള്ള ഏതെങ്കിലും വിധത്തിലുള്ള ശുപാര്‍ശയോ അംഗീകാരമോ നീക്കം ചെയ്യപ്പെടും.