സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്കുള്ള വീൽ ട്രാക്ക് കോൺക്രീറ്റ് റോഡ് നിർമാണം; 11.58 കോടി രൂപ അനുവദിച്ച് നബാർഡ്

nabard

പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്കുള്ള വീൽ ട്രാക്ക് കോൺക്രീറ്റ് റോഡ് നിർമാണം പൂർത്തിയാക്കാനായി 11.58 കോടി രൂപ അനുവദിച്ച് നബാർഡ്. അടുത്ത മഴക്കാലത്തിനുള്ളിൽ 21 കിലോമീറ്റർ വരുന്ന റോഡ് നവീകരണം പൂർത്തിയാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. മുക്കാലിയിൽ നിന്നും ആരംഭിച്ച് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ വാച്ച്ടവർ വരെയാണ് നവീകരണം നടത്തുന്നത്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡിന്റെ ഭിത്തികളും ചപ്പാത്ത്, കൽവർട്ട് തുടങ്ങിയവയും നവീകരിക്കുന്നുണ്ട്.

15 മീറ്ററിലധികം വീതിയാണ് ഈ റോഡിനുള്ളത്. 1969 കളിൽ കൂപ്പ് റോഡായിരുന്നു ഇത്. 1974 ൽ സൈലന്റ് വാലി വൈദ്യുത പദ്ധതിക്കായി റോഡ് നവീകരണം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ പ്രളയത്തിൽ റോഡ് പല ഭാഗത്തും തകർന്നതിനാൽ അപകട ഭീഷണി ഉയർന്നിരുന്നു. പിന്നീടാണ് വീൽ ട്രാക്ക് കോൺക്രീറ്റ് രീതിയിൽ നവീകരിക്കാനൊരുങ്ങിയത്. റോഡിന്റെ വളവുകൾ ഒഴികെയുള്ള ഭാഗങ്ങളിലാണ് വീൽ ട്രാക്ക് രീതിയിൽ കോൺക്രീറ്റ് ചെയ്യുക. രണ്ട് വീലുകൾ പതിക്കുന്ന ഭാഗങ്ങളിലെ റോഡിന്റെ മുകൾ ഭാഗത്ത് 70 സെന്റീമീറ്റർ വീതിയിലും അടിയിൽ ഒരു മീറ്റർ വീതിയിലും കോൺക്രീറ്റ് ചെയ്യും. പദ്ധതി ശുപാർശ ചെയ്തത് പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ്.

സൈലന്റ് വാലി മാനേജ്മെന്റ് പ്ലാനിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ദിവസവും നൂറിലധികം പേർ എത്തുന്ന ഉദ്യാനമാണ് സൈലൻ വാലി. അവർക്കുള്ള സംരക്ഷണം നൽകലാണ് നവീകരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.