തൃശൂര്‍: തലസ്ഥാനത്ത് സിപിഎം നടത്തിയ മെഗാ തിരുവാതിര വിവാദമായിരിക്കെ തൃശൂര്‍ ജില്ലയില്‍ തെക്കുംകരയില്‍ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎം നടത്തിയ തിരുവാതിരക്കെതിരെ കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരെയാണ് പരാതി.
സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. 21 മുതല്‍ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ സമ്മേളനം. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരുവാതിര നത്തിയതെന്നാണ് സംഘാടകരുടെ വിശദീകരണം. പാറശാലയില്‍ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാര്‍ട്ടി തന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും വിവാദത്തിന് തിരികൊളുത്താന്‍ സാധ്യതയുള്ള പരിപാടി പാര്‍ട്ടി അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, ഇത്തരം ആളുകള്‍ കൂടുന്ന പരിപാടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ നേതൃത്വം അറിയിച്ചു.

