കോവിഡ് വ്യാപനത്തിന് അന്ത്യമുണ്ടാകും; ശുഭ പ്രതീക്ഷ പങ്കുവെച്ച് ഗവേഷകർ

ബ്രിട്ടൻ: കോവിഡ് വ്യാപനത്തിന് അന്ത്യമുണ്ടാകുമെന്ന വാർത്ത പങ്കുവെച്ച് ഗവേഷകൻ. ഇംഗ്ലണ്ടിലെ റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ഇയാൻ ജോൺസാണ് ഇത്തരമൊരു വാർത്ത പങ്കുവെച്ചത്. കോവിഡ് ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ വർഷങ്ങൾക്ക് അന്ത്യം കുറിക്കാൻ പോകുന്നുവെന്നാണ് ഇയാൻ പറയുന്നത്. ഇപ്പോൾ ഭീഷണി ഉയർത്തുന്ന ഒമിക്രോൺ വകഭേദത്തോടെ കോവിഡ് ഭീഷണിയല്ലാതാവും എന്ന സിദ്ധാന്തത്തെയാണ് വിദഗ്ദ്ധർ പിന്തുണയ്ക്കുന്നത്. ഫ്‌ളൂ പോലെ ഒമിക്രോൺ വലിയ ഭീഷണി ഉയർത്തുന്നില്ലെന്നതാണ് ഇതിനെ സാധൂകരിക്കാൻ വേണ്ടി ഗവേഷകർ ചൂണ്ടിക്കാട്ടുന്ന വാദം.

പിടിപെടുന്നയാളിൽ ഗുരുതരമായ രോഗത്തിന് കാരണമാകാതെ ശരീരത്തിൽ പ്രതിരോധശേഷി ഉണ്ടാവാൻ ഒമിക്രോൺ ബാധയിലൂടെ കഴിയുന്നുണ്ട്. വരും ദിവസങ്ങളിൽ യൂറോപ്പിൽ പകുതിയിൽ അധികം ആളുകളിൽ ഒമിക്രോൺ വ്യാപിക്കുമെന്നും ഇത് ഫ്‌ളൂ പോലെ സാധാരണമാകുമെന്നും ഗവേഷകർ പറയുന്നു. അതേസമയം ഈ സിദ്ധാന്തത്തെ ലോകാരോഗ്യ സംഘടന പിന്തുണയ്ക്കുന്നില്ല. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ മാർഗങ്ങൾ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സ്ഥിരമാർഗമായി കാണാനാവില്ലെന്നാണ് രാജ്യങ്ങളുടെ നിലപാട്. കേസുകളുടെ എണ്ണം കുറയുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാനും ഗവേഷകർ തീരുമാനിച്ചു.