സിപിഎം ജില്ലാ കമ്മിറ്റിയിൽ വൻ അഴിച്ചുപ്പണി; എ സമ്പത്തിനെ ഒഴിവാക്കി

തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റിയിൽ വൻ അഴിച്ചുപ്പണി. മുൻ എം.പിയും മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ. സമ്പത്തിനെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി. സമ്പത്ത് പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കൊടുക്കുന്നില്ല എന്ന ആരോപണം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി.

അതേസമയം അനുപമയുടെ കുട്ടിയെ ആന്ധ്രയിലേക്ക് അനധികൃതമായി ദത്തുനൽകിയ സംഭവത്തിൽ ആരോപണ വിധേയനായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

46 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിൽ ഉള്ളത്. ഇതിൽ 9 പേർ പുതുമുഖങ്ങളാണ്. ഷിജുഖാന് പുറമെ എസ്.എഫ്.ഐ പ്രസിഡന്റ് വി.എ. വിനീഷ്, ഡി.വൈ.എഫ്.ഐ നേതാവ് കെ.പി. പ്രമോഷ്, ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ്.പി ദീപക് തുടങ്ങിയവരും ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വി.കെ പ്രശാന്ത് എം.എൽ.എയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ജില്ല കമ്മിറ്റിയിൽ ഇടംനേടിയിട്ടില്ല. പട്ടിണി കാരണം കൈതമുക്കിലെ കുട്ടികൾ മണ്ണുവാരി തിന്നെന്ന പരാമർശത്തെ തുടർന്ന് അന്ന് വഞ്ചിയൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന ദീപക്കിനെ പേട്ട ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.