കെ-റെയില്‍: 4900 ജീവനക്കാര്‍, ഉയര്‍ന്ന ശമ്പളം, വാര്‍ഷിക വര്‍ധനവ്; വിവരങ്ങള്‍ അറിയാം

തിരുവനന്തപുരം: കെ-റെയില്‍ നിര്‍മ്മാണ ഘട്ടത്തില്‍ അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് ഡി.പി.ആര്‍ വ്യക്തമാക്കുന്നു. ഓപ്പറേഷണല്‍ ഘട്ടത്തില്‍ 10,000 പേര്‍ക്ക് തൊഴില്‍ അവസരങ്ങളുണ്ടാവും. കെ-റെയില്‍ ജീവനക്കാരുടെ എണ്ണം 4900 ആയിരിക്കും. സ്ഥിരമായ ജീവനക്കാര്‍ക്ക് വാര്‍ഷിക വര്‍ധനയോടു കൂടി 8,00,000 ആയിരിക്കും വാര്‍ഷിക ശമ്പളം.

ആദ്യം ഒരു ട്രെയിനില്‍ 9 കോച്ചുകളും പിന്നീട് അത് 12 മുതല്‍ 15വരെയാകാം. പ്രതിദിനം രണ്ടു വശത്തേക്കും 37 സര്‍വീസ് വീതവും, എന്നാല്‍, തിരക്കേറിയ സമയങ്ങളില്‍ ഓരോ ഇരുപത് മിനിറ്റിലും സര്‍വീസ് ഉണ്ടായിരിക്കും. 2052ല്‍ ഇതിന്റെ എണ്ണം 65ആകും. 55ശതമാനം പാതയും ബാക്കി മണ്‍തിട്ടകള്‍ക്ക് (എംബാങ്ക്‌മെന്റുകള്‍) മുകളിലൂടെയുമാണ്. 6മീറ്റര്‍ വരെ ഉയരത്തില്‍ എംബാങ്ക്‌മെന്റുകളുമുണ്ടാവും. ആദ്യഘട്ടങ്ങളില്‍ 79,934 യാത്രക്കാരും 25വര്‍ഷം കഴിയുമ്പോള്‍ ഇത് 1,58,946 ആയി ഉയരുകയും ചെയ്യും. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂത്തിയാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഏഴ് സ്റ്റേഷനുകള്‍ സ്വകാര്യ ഭൂമിയിലും കൊല്ലം, കോട്ടയം, തൃശൂര്‍ സ്റ്റേഷനുകള്‍ വെള്ളക്കെട്ടുള്ള ഭൂമിയിലുമാണ് സ്ഥിതി ചെയ്യുക. സ്റ്റേഷനുകള്‍ക്ക് മാത്രം 246 ഹെക്ടര്‍ സ്വകാര്യഭൂമിയും, ഡിപ്പോകള്‍ക്കായി കൊല്ലത്ത് 24ഹെക്ടറും കാസര്‍കോട്ട് 20ഹെക്ടറും സ്വകാര്യഭൂമിയേറ്റെടുക്കേണ്ടി വരും. തിരുവനന്തപുരം- കാസര്‍കോട് പാത രണ്ട് ഘട്ടങ്ങളായിട്ടാണ് നടപ്പാക്കുകയെന്നും ഡി.പി.ആര്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം-തൃശൂര്‍ 260കിലോമീറ്റര്‍ ആദ്യഘട്ടവും തൃശൂര്‍ കാസര്‍കോട് 270കിലോമീററര്‍ രണ്ടാംഘട്ടവുമായിട്ടാണ് പൂര്‍ത്തിയാക്കുക.

വൈദ്യുതിക്ക് 163.27കോടി, ജീവനക്കാര്‍ക്ക് 270.74 കോടി, അറ്റകുറ്റപ്പണിക്ക് 542കോടി വീതം ചെലവുണ്ട്.

ചെലവ് ഇങ്ങനെ

റെയില്‍വേ ഓഹരി-2,150.00

റെയില്‍വേ ഭൂമി വില- 975.00

സംസ്ഥാന ഓഹരി- 3,252.56

സ്വകാര്യ വ്യക്തികളുടെ ഓഹരി-4,251.71

വിദേശവായ്പ- 33,699.80

ഭൂമിയേറ്റെടുപ്പിനും പുനരധിവാസത്തിനും- 11,837.25

ആകെ ചെലവ്- 63,940.67

5% വാര്‍ഷിക വര്‍ദ്ധനവുണ്ടാവും

(തുക കോടിയില്‍)