ദിവസം മുഴുവൻ നീണ്ട അധ്വാനത്തിന്റെ ക്ഷീണം അകറ്റാൻ നമ്മെ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് രാത്രിയിലെ സുഖമായ ഉറക്കം. എന്നാൽ ചില ഭക്ഷണങ്ങൾ ഉറങ്ങുന്നതിന് തൊട്ട് മുൻപായി കഴിച്ചാൽ ശരിയായ ഉറക്കം ലഭിക്കില്ലെന്നാണ് പറയപ്പെടുന്നത്. അത്തരത്തിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ഐസ്‌ക്രീം
ഉറങ്ങും മുൻപ് ഐസ്‌ക്രീം കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ഐസ്‌ക്രീം ദഹിക്കാൻ ഏറെ സമയമെടുക്കും. ദഹനം നടക്കുമ്പോൾ ശരീരത്തിന് നന്നായി വിശ്രമിക്കാൻ കഴിയില്ല. പഞ്ചസാരയുടെ ഉപയോഗം അമിതമായാൽ അത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും അതിനാൽ തന്നെ മിഠായികൾ, കേക്ക് തുടങ്ങിയവയൊന്നും ഉറങ്ങുന്നതിനു തൊട്ടു മുൻപ് കഴിക്കരുത്.
- മദ്യം
രാത്രിയിൽ മദ്യപിക്കുന്നതും നിങ്ങളുടെ ഉറക്കം കെടുത്തും. മദ്യം കഴിക്കുന്നതിലൂടെ അമിതമായി വിയർക്കാൻ സാധ്യതയുണ്ട് ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.
- റെഡ് മീറ്റ്
ഉറങ്ങുന്നതിന് മുൻപ് റെഡ് മീറ്റ് കഴിക്കുന്നതും ഉറക്കത്തെ നഷ്ടപ്പെടുത്തും. പ്രോട്ടീൻ, ഇരുമ്പ് പോലുള്ള പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുവാണ് റെഡ് മീറ്റ്. ആഴത്തിലുള്ള ഉറക്കം ഉണ്ടാകണമെങ്കിൽ ശരീരം ശാന്തമായിരിക്കണം. കിടക്കുന്നതിന് തൊട്ട് മുമ്പ് ഇറച്ചി കഴിച്ചാൽ ഇതിന് കഴിയില്ല.
- സിട്രിക് പഴങ്ങൾ
തക്കാളി പോലെയുള്ള സിട്രസ് പഴങ്ങൾ കഴിക്കുന്നതും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്താൻ ഇടയാക്കും. തക്കാളി കഴിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുകയും ഉറക്കം വൈകിപ്പിക്കുകയും ചെയ്യും. സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ടൈറാമൈൻ എന്ന അമിനോ ആസിഡ് ആണ് ഇതിന് കാരണം.

