കെ. സുധാകരന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കെഎസ് യു നേതാവ്‌

ധീരജ് കൊലപാതകത്തില്‍ പ്രതികളായ കെഎസ് യു പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടില്‍ പ്രതിഷേധിച്ച് കെഎസ് യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡ് രാജി വെച്ചു.

‘കൂടെ നില്‍ക്കുന്നവരെ ചതിക്കാന്‍ പഠിച്ചിട്ടില്ല. ആരുടേയും ഉള്ള് തുരന്ന് നോക്കാന്‍ പോയിട്ടില്ല. കൂടെ നിന്ന് ചതിച്ച പാരമ്പര്യമുള്ള പ്രസ്ഥാനത്തെ തിരിച്ചറിയാന്‍ വൈകിയെന്നും കുറ്റപ്പെടുത്തലോടെയാണ് രാജി പ്രഖ്യാപനം. സഹപ്രവര്‍ത്തകയെ ഉപയോഗിച്ച് സഹപ്രവര്‍ത്തകനെ പോക്സോ കേസില്‍ കുരുക്കി ഈ പ്രസ്ഥാനത്തില്‍ നിന്ന് പുറത്താക്കിയ കൂട്ടര്‍ മറ്റൊരു ആയുധവുമായി ഇപ്പോള്‍ എനിക്ക് നേരെ തിരിഞ്ഞിരിക്കുന്നു. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാലം കണക്ക് ചോദിക്കാതെ പോകുമെന്ന് ഞാന്‍ കരുതുന്നില്ല. അനുഭവം അതാണ്. കോണ്‍ഗ്രസുമായും അതിന്റെ പോഷക സംഘടനകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു’- വി എസ് ഡേവിഡ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍, ഡേവിഡിന്റെ രാജി പ്രഖ്യാപനക്കുറിപ്പിനോട് ഒരുപാട് വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ധീരജ് വധക്കേസില്‍ അറസ്റ്റിലായ 5 പേര്‍ക്കും കേസുമായി ഒരു ബന്ധവുമില്ലെന്നാണ് സുധാകരന്റെ വാദം. നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ലെന്നും ധീരജിനെ കുത്തിയത് ആരെന്ന് ദൃക്‌സാക്ഷികള്‍ക്ക് പറയാനാവുന്നില്ലെന്നും സുധാകരന്‍ അവകാശപ്പെട്ടു. അതിനാല്‍, എല്ലാ നിയമസഹായവും പ്രതികള്‍ക്ക് നല്‍കുമെന്ന് സുധാകരന്‍ വ്യക്തമാക്കി.