രോഹിത്തിനെ അല്ല; ഞാന്‍ മറ്റൊരാളുടെ പേരാണ് ക്യാപ്റ്റനായി നിര്‍ദ്ദേശിക്കുക: തുറന്നു പറഞ്ഞ് ഗവാസ്‌ക്കര്‍

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് നായകന്‍ വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. അതിന് ശേഷം എല്ലാവരുടെയു ആകാംക്ഷ നിറഞ്ഞ ചോദ്യം അടുത്ത ക്യാപ്റ്റന്‍ ആരാണെന്നുള്ളതാണ്. വിരാട് കോഹ്ലിക്ക് പകരം ആര് ടെസ്റ്റ് നായകന്‍ റോളില്‍ എത്തുമെന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 2-1ന് പരാജയപ്പെട്ട ശേഷമാണ് വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.

ടെസ്റ്റ് ക്യാപ്റ്റന്‍ റോളില്‍ ഏറ്റവും അധികം സാധ്യതകള്‍ ഉള്ളത് രോഹിത് ശര്‍മ്മക്ക് തന്നെയാണ്. ഏകദിന, ടി : 20 നായകന്‍ റോളിലേക്ക് നിയമിതനായ രോഹിത് തന്നെ ടെസ്റ്റ് ക്യാപ്റ്റനാകാനാണ് സാധ്യത. അതേസമയം, രോഹിത്തിനെ ടെസ്റ്റ് നായകനാക്കരുതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍.

‘ആരാകും ഇന്ത്യന്‍ ടീമിനെ ഭാവിയില്‍ നയിക്കുകയെന്നത് ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ആലോചിക്കും. 3 ഫോര്‍മാറ്റിലും ഒരാള്‍ നായകനായി എത്താനാണ് സാധ്യത. എന്നാല്‍, ഞാന്‍ മറ്റൊരാളുടെ പേരാണ് ടെസ്റ്റ് ക്യാപ്റ്റനായി നിര്‍ദ്ദേശിക്കുക. ടെസ്റ്റ് ക്യാപ്റ്റനായി എത്താന്‍ ഞാന്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നത് റിഷഭ് പന്തിനെയാണ്. എന്റെ വിശ്വാസം അദ്ദേഹത്തിന്റെ ബാറ്റിംഗ് അടക്കം ഇതോടെ മാറിയേക്കാം. നമ്മള്‍ കണ്ടതാണ് റിക്കി പോണ്ടിങ് തന്റെ മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മക്ക് നല്‍കിയത്. ഇതിന് ശേഷം രോഹിത്തില്‍ വന്നിട്ടുള്ള മാറ്റം വലുതാണ്. നമ്മള്‍ എല്ലാം തന്നെ അത് കണ്ടതാണ്. എനിക്കും വിശ്വാസമുണ്ട് ക്യാപ്റ്റന്‍ പദവി ലഭിച്ചാല്‍ കേപ്ടൗണിലെ പോലെ കൂടുതല്‍ ഉത്തരവാദിത്വമുള്ള ഇന്നിങ്‌സുകള്‍ റിഷഭില്‍ നിന്നും പിറക്കും’ – ഗവാസ്‌ക്കര്‍ അഭിപ്രായപ്പെട്ടു.