മുംബൈ: കൊവിഡ് ചികിത്സയുടെ പേരില്‍ ആദ്യ രണ്ട് ഘട്ടങ്ങളിലേതുപോലെ മരുന്നുകളുടെ അനാവശ്യ ഉപയോഗം ആവര്‍ത്തിക്കുന്നത് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള മുതിര്‍ന്ന ഡോക്ടര്‍മാരുടെ തുറന്ന കത്ത്. നേരിയ രോഗ ലക്ഷണങ്ങളോ ലക്ഷണങ്ങളില്ലാത്തവര്‍ക്കോ നല്കുന്ന അനാവശ്യ ചികിത്സകള്‍ ഇന്ത്യയില്‍ മ്യുകോര്‍മൈകോസിസ് എന്ന ഫംഗസ് ബാധക്കും ബ്രസീലില്‍ അസ്പെര്‍ഗില്ലോസിസ് എന്ന രോഗത്തിനും കാരണമായെന്നും ഡോക്ടര്‍മാര്‍ കത്തില്‍ വ്യക്തമാക്കുന്നു.
വിറ്റാമിന്‍ കോമ്പിനേഷനുകള്‍, അസിത്രോമൈസിന്‍, ഡോക്സിസൈക്ലിന്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍, ഫാവിപിരാവിര്‍, ഐവര്‍മെക്റ്റിന്‍ എന്നിവ കൊവിഡ് ചികിത്സക്കായി നിര്‍ദ്ദേശിക്കരുതെന്നും കത്തില്‍ പറയുന്നു. അതേസമയം, കൊവിഡ് പരിശോധനക്കായി റാപ്പിഡ് ആന്റിജന്‍, ആര് ടി പി സി ആര് എന്നീ ടെസ്റ്റുകള്‍ക്ക് പുറമേ മറ്റ് പരിശോധനകളുടെ ആവശ്യമില്ലെന്നും ചില കേസുകളില്‍ മാത്രമാണ് ഓക്സിജന്‍ അളവ് പരിശോധിക്കേണ്ടതായി വരുന്നതെന്നുമാണ് വിദഗ്ദരുടെ അഭിപ്രായം.
എന്നാല്‍, വാക്സിന് സ്വീകരിച്ചവരില്‍ ഒമിക്രോണ്‍ ബാധിക്കുന്നത് മാരകമാവില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. സിടി സ്കാന്‍ പോലുള്ള വിലകൂടിയ ടെസ്റ്റുകള്‍ അനാവശ്യമാണെന്നും, ആരോഗ്യനില മെച്ചപ്പെട്ട നിലയിലുള്ള കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നത് കൊവിഡ് ഇതര രോഗികള്‍ക്ക് ആശുപത്രികളില്‍ ഇടം ലഭിക്കാതെ വരമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

