‘എങ്ങനെയും പണമുണ്ടാക്കണമെന്ന സഖാക്കളിലെ ചിന്ത വെച്ചുപൊറുപ്പിക്കില്ല’; മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പ് കേസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വഴിയിലും പണമുണ്ടാക്കമെന്ന സഖാക്കളിലെ ചിന്തയെ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പിനു പിന്നില്‍ പാര്‍ട്ടിയിലെ ചില യുവനേതാക്കളാണെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു.

കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തിലും, നഗരസഭയിലെ നികുതി വെട്ടിപ്പ് കേസിലും ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ പരിപാടികളില്‍ പാര്‍ട്ടി ഘടകങ്ങള്‍ വഴിയുള്ള ജനപങ്കാളിത്തം കുറവാണെന്നും ഇത് നേതൃത്വത്തിന്റെ വീഴ്ചയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം. ബിജെപിയുടെ വളര്‍ച്ച തടയാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കാനുള്ള നിര്‍ദേശം തിരുവനന്തപുരം ജില്ലാ നേതൃത്വം നടപ്പാക്കിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. നഗരസഭയില്‍ ഇത്തവണ ഭരണം നേടാന്‍ സാധിച്ചുവെങ്കിലും പലയിടത്തും നേരിയ ഭൂരിപക്ഷത്തിന് മാത്രമാണ് ജയിച്ചത്. ഇത് താത്കാലികമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.