പരമ്പര കൈവിട്ട് ടീം ഇന്ത്യ: മൂന്നാം ടെസ്റ്റിലും പരാജയം

കേപ്ടൗണ്‍: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി ഏറ്റ്
വാങ്ങി ടീം ഇന്ത്യ. ഏഴു വിക്കറ്റ് ജയത്തോടെ മത്സരവും പരമ്പരയും (21) ദക്ഷിണാഫ്രിക്കക്ക് സ്വന്തം. സ്‌കോര്‍: ഇന്ത്യ – 10/223, 10/198, ദക്ഷിണാഫ്രിക്ക – 10/210, 3/212.

സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ടെസ്റ്റ് 113 റണ്‍സിന് ജയിച്ച ഇന്ത്യ, ജൊഹന്നാസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ കീഗന്‍ പീറ്റേഴ്സനാണ് നാലാം ദിനം ഇന്ത്യന്‍ പ്രതീക്ഷ തകര്‍ത്തത്. 113 പന്തില്‍ നിന്ന് 82 റണ്‍സെടുത്താണ് പീറ്റേഴ്സണ്‍ മടങ്ങിയത്. 41 റണ്‍സുമായി റാസ്സി വാന്‍ഡെര്‍ ദസ്സനും 32 റണ്‍സുമായി ടെംബ ബവുമയും പുറത്താകാതെ നിന്നു. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (16), നായകന്‍ ഡീന്‍ എള്‍ഗാര്‍ (30) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഋഷഭ് പന്ത് 139 പന്തില്‍ ആറു ഫോറും നാല് സിക്സും സഹിതം 100 റണ്‍സോടെ പുറത്താകാതെ നിന്നു.