തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്, ഓമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനം. ഈ മാസം 21 മുതലാണ് സ്കൂളുകള്‍ അടക്കുക. എന്നാല്‍, പത്താം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
അതേസമയം, സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന് ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. രാത്രി കര്‍ഫ്യൂവോ വാരാന്ത്യ നിയന്ത്രണങ്ങളോ നിലവില്‍ ഉണ്ടാകില്ല. സംസ്ഥാന സര്‍ക്കാറിന്റെ പരിപാടികള്‍ ഓണ്‍ലൈനായി നടത്തും. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായാല്‍ മേലധികാരികള്‍ക്ക് തീരുമാനമെടുക്കാമെന്നും അവലോകന യോഗത്തില്‍ ധാരണയായി.
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം ഓണ്‍ലൈന്‍ ബുക്കിങ്ങും വില്‍പ്പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. കൊവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ ജനുവരി 16 മുതല്‍ നേരത്തെ ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് സന്ദര്‍ശനം മാറ്റി വെക്കാന്‍ അഭ്യര്‍ത്ഥിച്ച് സന്ദേശം അയക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനമൊരുക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തേണ്ടതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികള്‍ക്കും 50 പേരായി പരിമിതപ്പെടുത്തും.

