തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി എഡിജിപി ശ്രീജിത്ത്. കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്നത് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അന്വേഷണം എത്രയും വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം അറിയിച്ചു.
വിഐപിയുടെ കാര്യത്തിൽ ഉൾപ്പെടെ അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ദിലീപിന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും നടന്ന പരിശോധനകൾ പൂർത്തിയായി. എട്ടു മണിക്കൂർ നേരത്തോളമാണ് ദിലീപിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്, മൊബൈൽ ഫോൺ തുടങ്ങിയവ ദിലീപിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തതായാണ് വിവരം. രാവിലെ ആരംഭിച്ച റെയ്ഡ് രാത്രിയോടെയാണ് പൂർത്തിയായത്.
ദിലീപിന്റെ നിർമാണക്കമ്പനിയിലും സഹോദരൻ അനൂപിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ദിലീപിന്റെ ഭാഗത്ത് നിന്നും ദിലീപുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ആർക്കൊക്കെയാണ് ഈ പണം പോയിട്ടുള്ളത്, എന്തൊക്കെ ആവശ്യങ്ങൾക്കാണ് പണം പോയിട്ടുള്ളത് എന്ന വിവരം ഉൾപ്പെടെ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി പല ബില്ലുകളും രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

