തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ, ഗവർണറുടെ അധികാരം എന്നിവ സംബന്ധിച്ച ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് കൈമാറാൻ വേണ്ടി സംസ്ഥാന നിയമ വകുപ്പ് തയാറാക്കിയ കരട് നിർദ്ദേശങ്ങൾ വിശദ ചർച്ചയ്ക്കായി മാറ്റിവച്ചു. ഭരണഘടനാതത്വങ്ങൾക്കും കേന്ദ്ര, സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച നിയമങ്ങൾക്കും അനുസൃതമായാണോ കരട് നിർദ്ദേശങ്ങളെന്ന് പഠിക്കണമെന്ന് നേരത്തെ മന്ത്രിമാർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരട് നിർദ്ദേശങ്ങൾ പഠിക്കാൻ ഉപസമിതിയെ നിയോഗിക്കുമെന്നാണ് വിവരം.
സംസ്ഥാനത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്രത്തിന് കൈമാറേണ്ടത് മന്ത്രിസഭായോഗം അംഗീകരിച്ച ശേഷമാണ്. 2010 ലാണ് കേന്ദ്രസർക്കാർ ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി ചെയർമാനായുള്ള കമ്മിഷനെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ശുപാർശകൾ സമർപ്പിക്കാൻ നിയോഗിച്ചത്. കമ്മിഷൻ സമർപ്പിച്ച നിരവധി ശുപാർശകളിൽ 116 എണ്ണത്തിലാണ് സംസ്ഥാനങ്ങളോട് കേന്ദ്രം അഭിപ്രായം തേടിയത്. ഏതാനും വർഷങ്ങളായി ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ആശയവിനിമയം നടന്നുവരുന്നുണ്ട്. ഇനി സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കേട്ട് തീരുമാനമെടുക്കാനുള്ളത് 33 വിഷയങ്ങളിലാണ്. ഗവർണർ പദവിയുടെ അധികാരങ്ങൾ വരുന്നത് ഈ വിഷയങ്ങളിലാണ്.
നിയമവകുപ്പ് തയാറാക്കിയ കരട് ശുപാർശകളിൽ ഗവർണറുടെ പ്രവർത്തനം സംസ്ഥാന താല്പര്യത്തിന് വിധേയമായിട്ടാകണം, ഗവർണറുടെ നിയമനത്തിലും ചുമതലകളിലും സംസ്ഥാനസർക്കാരിന് നിയന്ത്രണമുണ്ടാകണം തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾപ്പെട്ടിരുന്നു. മന്ത്രിസഭയാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങളിൽ സ്വീകാര്യമായത് കേന്ദ്രം പരിഗണിക്കുന്നതാണ്. ചുമതലകളിൽ വീഴ്ച വരുത്തിയാൽ ഗവർണറെ നീക്കം ചെയ്യാമെന്ന വ്യവസ്ഥ നിയമനക്കാര്യത്തിൽ ഉൾപ്പെടുത്തണം, സംസ്ഥാനസർക്കാരിന്റെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം ഗവർണറെ നിയമിക്കണം, സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന പാനലിൽ നിന്നാവണം നിയമനം, സജീവ രാഷ്ട്രീയത്തിലില്ലാത്ത മറ്റൊരാളെ സർവകലാശാലാ ചാൻസലർ പദവിയിൽ നിയമിക്കണം തുടങ്ങിയവയാണ് നിയമ വകുപ്പിന്റെ കരട് നിർദേശം.

