ഐഎസ്എല്‍: സമനിലയില്‍ പിരിഞ്ഞ് ചെന്നൈയിനും ഹൈദരബാദും

ബംബോലിം: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയെ സമനിലയില്‍ കുരുക്കി ചെന്നൈയിന്‍ എഫ്സി. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് പോയന്റ് പങ്കിട്ടപ്പോള്‍ ഹൈദരബാദ് പോയന്റ് പട്ടികയില്‍ മുംബൈ സിറ്റി എഫ് സിയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി. സമനിലയോടെ ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്ത് എത്തി. പതിമൂന്നാം മിനിറ്റില്‍ മുഹമ്മദ് സാജിദിലൂടെ മുന്നിലെത്തിയ ചെന്നൈയിനെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജാവിയേര്‍ സിവേറിയോയിലൂടെയാണ് ഹൈദരാബാദ് സമനില പിടിച്ചത്.

ആദ്യം ഗോളടിച്ചത് ചെന്നൈയിന്‍ ആയിരുന്നെങ്കിലും ആദ്യപകുതിയില്‍ പന്തടക്കത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഹൈദരാബാദിനായിരുന്നു മുന്‍തൂക്കം. കളിയുടെ തുടക്കം മുതല്‍ ആധിപത്യം ഹൈദരാബാദിനായിരുന്നെങ്കിലും ഗോളടിച്ചത് ചെന്നൈയിനായിരുന്നു. ക്യാപ്റ്റന്‍ അനിരുദ്ധ ഥാപ്പ ഒരുക്കിക്കൊടുത്ത അവസരം മുതലെടുത്ത് മുഹമ്മദ് സാജിദ് ചെന്നൈയിനെ പതിമൂന്നാം മിനിറ്റില്‍ മുന്നിലെത്തിച്ചു.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ കണ്ടെത്തിയ ഹൈദരബാദ് പക്ഷെ രണ്ടാം പകുതിയില്‍ ലീഡിനായി ലക്ഷ്യം വെച്ചെങ്കിലും പലപ്പോഴും നിര്‍ഭാഗ്യം അവരുടെ ഭാഗത്തായി. 74-ാം മിനിറ്റില്‍ ചെന്നൈയിനും മുന്നിലെത്താന്‍ അവസരം ലഭിച്ചെങ്കിലും മീറ്റിലിന്റെ തകര്‍പ്പന്‍ ഷോട്ട് ഹൈദരബാദിന്റെ ക്രോസ് ബാറില്‍ തട്ടി മടങ്ങി.