സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഖാദി ധരിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്‌

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് ഉത്തരവിട്ട് ചീഫ് സെക്രട്ടറി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൈത്തറി-ഖാദി മേഖല പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് ഈ നടപടി. സിപിഎം നേതാവ് പി. ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിതനായതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.

സര്‍ക്കാര്‍ ജീവനക്കാരെ ഖാദി/കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രേരിപ്പിക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ് നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു. മേഖലയിലെ പ്രതിസന്ധികള്‍ മാറാന്‍ എംഎല്‍എമാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് മന്ത്രി ആശ്യപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകള്‍ ഒരു നിശ്ചിത ശതമാനം ഖാദി/കൈത്തറി വസ്ത്രങ്ങള്‍ വാങ്ങുന്നതായി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

നേരത്തെ ശനിയാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഫലമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള കൈത്തറി ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് നടപടി സ്വീകരിക്കണമെന്നും പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.