തിരുവനന്തപുരം: സംസ്ഥാനത്ത് അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സംസ്ഥാനത്ത് റേഷൻ വിതരണം സുഗമമായി നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചിലർ കടകൾ അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണൈന്നും സെർവർ തകരാർ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
ഏഴ് ജില്ലകളിൽ ഉച്ചവരെയും ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമായിരിക്കും റേഷൻ വിതരണം നടത്തുക. മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ 8.30 മുതൽ 12 വരെയായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുക.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം റേഷൻ കടകൾ പ്രവർത്തിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. സെർവർ തകരാർ പൂർണ്ണമായും പരിഹരിക്കുന്നതു വരെ ക്രമീകരണം ഉണ്ടാകും. സെർവർ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായത്. സ്റ്റേറ്റ് ഡേറ്റാ സെൻററുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

