കേരളത്തില്‍ 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍; പത്തനംതിട്ടയില്‍ ക്ലസ്റ്റര്‍

തിരുവനന്തപുരം: കേരളത്തില്‍ 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. തമിഴ്നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. തൃശ്ശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് കണക്കുകള്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്കുകള്‍ തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് നിലവില്‍ ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്. അതേസമയം, പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്.