ചണ്ഡീഗഡ്: വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റത്തിനൊരുങ്ങി ഹരിയാന സർക്കാർ. ഹൈന്ദവ പുണ്യഗ്രന്ഥമായ ഭഗവത് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിനായുള്ള നടപടികളും സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ആത്മീയ ആചാര്യന്മാരുമായും ഹിന്ദു സംഘടനകളുമായും സർക്കാർ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. മോറൽ സയൻസ് വിഷയത്തിൽ ഉൾപ്പെടുത്തിയാണ് ഭഗവത്ഗീത പഠിപ്പിക്കുന്നത്.
അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലാണ് ഗീത പാഠ്യവിഷയമായി ഉൾപ്പെടുത്തുന്നത്. ഗീതയിലെ ശ്ലോകങ്ങൾ ചൊല്ലാനാകും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ഗീതയുമായി ബന്ധപ്പെട്ട കഥകളും പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തും. ഇതിനായി പ്രത്യേക പാഠപുസ്തകവും തയ്യാറാക്കും.
കഴിഞ്ഞ നാല് വർഷമായി ഇതിനായുള്ള ശ്രമങ്ങൾ എൻസിആർടിസി നടത്തുന്നുണ്ട്. അന്താരാഷ്ട്ര ഗീത ഉത്സവത്തോട് അനുബന്ധിച്ച് കുരുക്ഷേത്ര സർവ്വകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഹരിയാന മുഖ്യമന്ത്രി സ്‌കൂളുകളിൽ ഭഗവത്ഗീത പഠിപ്പിക്കുമെന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

