‘കോണ്‍ഗ്രസ് അണികളെ അക്രമകാരികളാക്കി മാറ്റി’; കെ. സുധാകരനെതിരെ ആഞ്ഞടിച്ച് എം.വി ജയരാജന്‍

ഇടുക്കി: കെ. സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം. കെപിസിസി യുടെ തലപ്പത്ത് ഒരു ക്രിമിനല്‍ നിയമിതനായിയെന്നും അത് കോണ്‍ഗ്രസ് അണികളെ അക്രമകാരികളാക്കി മാറ്റിയെന്നും എം വി ജയരാജന്‍ ആരോപിച്ചു. ‘എസ്എഫ്‌ഐക്കാര്‍ വഴിക്ക് വച്ച ചെണ്ടയെ പോലെ അക്രമിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരല്ല. ഭൂമിക്കും താഴെ ക്ഷമിച്ച് നില്‍ക്കുകയാണ്. അക്രമത്തിന് ആഹ്വാനം നല്‍കിയത് സുധാകരനാണ്. കാഞ്ഞിരക്കുരുവില്‍ നിന്നും പാല് കിട്ടില്ലെന്ന് ജനം മനസിലാക്കണം.’ എം വി ജയരാജന്‍ പ്രതികരിച്ചു..

ആക്രമിക്കപ്പെട്ട എല്ലാവര്‍ക്കും കുത്തേറ്റത് നെഞ്ചിലാണ്. പരാജയം മുന്‍കൂട്ടി കണ്ടുകൊണ്ട് കോണ്‍ഗ്രസ് ക്രിമിനലുകള്‍ അക്രമം നടത്തുകയായിരുന്നുവെന്ന് പി ജയരാജനും ആരോപിച്ചു. ‘പ്രതി കെപിസിസി പ്രസിഡന്റിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. സുധാകരന്‍ പ്രസിഡന്റ് ആയതോടെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ കയ്യിലാണ്. സുധാകരന്റെ കണ്ണൂര്‍ ശൈലിയാണ് സമാധാനം തകര്‍ക്കുന്നത്. ഈ ശൈലി കേരളത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്’-പി ജയരാജന്‍ പറഞ്ഞു.