തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് വ്യാപനം ഗണ്യമായി വർധിക്കുന്നതായി വീണാ ജോർജ് അറിയിച്ചു. രോഗവ്യാപനം വർധിക്കുന്നത് ഒഴിവാക്കാൻ ഓരോരുത്തരും വ്യക്തിപരമായി ശ്രദ്ധിക്കണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഒരാഴ്ച്ചക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് 100 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 20 നും 40 നുമിടയിൽ പ്രായമുളളവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഡെൽറ്റാ, ഒമിക്രോൺ കേസുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയുണ്ട്. രോഗം വർദ്ധിച്ചാൽ ആശുപത്രികളിൽ സൗകര്യങ്ങൾക്ക് സംസ്ഥാനത്ത് പരിമിതിയുണ്ട്. അതിനാൽ ശ്രദ്ധ പുലർത്തണമെന്നും ഒമിക്രോൺ ക്ലസ്റ്ററുകൾ സംസ്ഥാനത്ത് ഇതുവരെ രൂപപ്പെട്ടിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊവിഡ് വ്യാപനം കൂടുന്നുണ്ട്. കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണം. പാർട്ടി സമ്മേളനങ്ങൾക്കും കോവിഡ് പ്രോട്ടോകോൾ ബാധകണ്. ജനങ്ങൾ അനാവശ്യമായ യാത്ര ഒഴിവാക്കണമെന്നും പൊതുയോഗങ്ങൾ ഒഴിവാക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 9066 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂർ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂർ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസർഗോഡ് 118 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,790 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,24,903 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2887 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 298 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 127 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8198 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 113 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2064 പേർ രോഗമുക്തി നേടി.

