തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി എംഎൽഎ കെ കെ രമ. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് എന്നും സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും പിന്തുണ ലഭിക്കുന്നുണ്ടെന്ന് കെ കെ രമ പറഞ്ഞു. ടിപി കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച മുഖ്യപ്രതികളിലൊരാളായ കിർമാണി മനോജ് സ്വകാര്യ റിസോർട്ടിൽ ലഹരിപ്പാർട്ടി നടത്തിയതിൽ ഒരു അത്ഭുതവും തോന്നുന്നില്ലെന്നും രമ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ടിപി വധിക്കേസിലെ പ്രതികൾക്ക് മാഫിയ ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്താനുള്ള സൗകര്യമൊരുക്കി നൽകുന്നത് സിപിഎമ്മും സർക്കാരുമാണ്. ഗുണ്ടകൾ റിസോർട്ടിൽ ഒത്തുചേർന്നത് പോലീസ് അറിഞ്ഞില്ലേയെന്ന് രമ ചോദിച്ചു. ഇന്റലിജൻസ് വിഭാഗവും പോലീസും എന്താണ് ചെയ്യുന്നതെന്നും രമ ചോദിക്കുന്നു. ടി പി കേസ് കൊലയാളികൾ യഥേഷ്ടം പരോളിലിറങ്ങി വിഹരിക്കുകയാണ്. കോവിഡിന്റെ പേരിൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ടിപി കേസിൽ ജീവപര്യന്തം ശിക്ഷയടക്കം ലഭിച്ച പ്രതികൾ ജയിലിന് പുറത്താണ്. സിപിഎമ്മിന്റെയും സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാരിന്റെയും പിന്തുണയോടെയാണ് ഇക്കാര്യങ്ങളെല്ലാം നടക്കുന്നതെന്നും രമ കുറ്റപ്പെടുത്തി.
മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ള 15 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് രമയുടെ പ്രതികരണം. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി നടന്നത്. എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരിമരുന്നാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. കമ്പളക്കാട് മുഹ്‌സിൻ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാർഷിക ആഘോഷമായിരുന്നു റിസോർട്ടിൽ നടന്നതെന്നാണ് റിപ്പോർട്ട്.

